
നാടുകടത്തലിന് യുദ്ധകാല നിയമം പ്രയോഗിക്കുന്നതില്‍ നിന്നും ട്രംപിന് വിലക്ക്
വെനസ്വേലക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. യുദ്ധകാലങ്ങളില്‍ യുഎസിനെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമം ഉപയോഗിക്കുന്നതിനെ ഫെഡറല്‍ കോടതി തടഞ്ഞു. 227 വര്‍ഷം പഴക്കമുള്ള യുദ്ധകാല നിയമം ഉപയോഗിച്ച് വെനസ്വേലക്കാരെ നാടുകടത്താനായിരുന്നു ട്രംപിന്റെ പദ്ധതി.
വെനസ്വേലന്‍ കുറ്റകൃത്യസംഘമായ ട്രെന്‍ ഡെ അരാഗ്വയില്‍ അംഗമായവര്‍ യുഎസിനെതിരെ ക്രമരഹിതമായ യുദ്ധം നടത്തുന്നതായും 1798ലെ ഏലിയന്‍ എനിമീസ് ആക്ട് ഉപയോഗിച്ച് അവരെ നാടുകടത്തുമെന്നും ട്രംപ് ശനിയാഴ്ച്ച പറഞ്ഞിരുന്നു.
എന്നാല്‍ ശനിയാഴ്ച്ച വൈകുന്നേരം തന്നെ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബോസ്ബര്‍ഗ് നാടുകടത്തല്‍ 14 ദിവസത്തേക്ക് തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
യുദ്ധകാലങ്ങളില്‍ യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആളുകളെ മുന്‍കൂറായുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ഉടനടി പിടികൂടാനും നാടുകടത്താനും ഈ നിയമം അനുവാദം നല്‍കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ വംശജര്‍ക്കെതിരെയാണ് ഈ നിയമം അവസാനമായി പ്രയോഗിച്ചത്.
ട്രെന്‍ ഡെ അരാഗ്വ യുഎസിലേക്ക് കടന്നുകയറാന്‍ തയ്യാറെടുക്കുകയും പരിശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ നിയമം പ്രയോഗിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രാചാരണവേളയില്‍ അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.


