
ട്രംപ് ആരോഗ്യ വകുപ്പില്‍ പിരിച്ചുവിടല്‍ ആരംഭിച്ചു
യുഎസിലെ ആരോഗ്യ ഏജന്‍സികളില്‍ നിന്നും 10,000ത്തോളം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കി. ഓഫീസുകളില്‍ എത്തുമ്പോള്‍ സുരക്ഷാ ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ട കാര്യം ജീവനക്കാരോട് പറയുന്നതും ഓഫീസുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതും.
ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് കീഴിലെ അനവധി ഉന്നത ഏജന്‍സികളെയാണ് ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. എഫ്ഡിഎ, സിഡിസി, ആരോഗ്യ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവ ട്രംപിന്റെ ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായുള്ള കൂട്ടപിരിച്ചുവിടലിന് ഇരയാകുന്നു.
ജീവനക്കാരുടെ എണ്ണം 82,000ല്‍ നിന്നും 62,000 ആയി കുറയ്ക്കുമെന്ന് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ പറഞ്ഞു.
പൊതുജനാരോഗ്യം, അര്‍ബുദ ഗവേഷണം, വാക്‌സിനും മരുന്നിനും അനുമതി നല്‍കുന്നത് പോലുള്ള രംഗങ്ങളിലെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞരെ പുറത്താക്കുന്നുണ്ട്. കൂടാതെ, കൂട്ടപ്പിരിച്ചുവിടല്‍ മീസില്‍സ്, പക്ഷിപ്പനി തുടങ്ങിയവ പടരുന്നതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളേയും ബാധിക്കും.
ലോകത്തിലെ ഏറ്റവും മികച്ച മരുന്ന് നിയന്ത്രകരായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗത്തിലെ പുതിയ മരുന്നുകളുടെ ഓഫീസിന്റെ ഡയറക്ടറായ പീറ്റര്‍ സ്റ്റെയ്ന്‍ രാജിവച്ചു. അദ്ദേഹത്തെ പിരിച്ചുവിടുമെന്ന സാഹചര്യം വന്നപ്പോള്‍ രാജിവയ്ക്കുകയായിരുന്നു.