
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലുള്ള തീരുവ ട്രംപ് ഏപ്രില്‍ 2 വരെ മരിപ്പിച്ചു
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ യുഎസ് ഈ ആഴ്ച്ചയില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തല്‍ക്കാലികമായി പിന്‍വലിച്ചു. യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികള്‍ക്കുമേലുള്ള ഇറക്കുമതി തീരുവകള്‍ ഏപ്രില്‍ 2 വരെയാണ് റദ്ദാക്കിയത്. പകരത്തിനുപകരമായി ട്രംപ് മറ്റ് രാജ്യങ്ങളുടെ മേല്‍ അധിക തീരുവ ചുമത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇരുരാജ്യങ്ങള്‍ക്കുംമേല്‍ തീരുവകള്‍ ചുമത്തിയത്.
ചൊവ്വാഴ്ച്ചയാണ് കാനഡയുടേയും മെക്‌സിക്കോയുടേയും മേല്‍ തീരുവകള്‍ നിലവില്‍വന്നത്. എന്നാല്‍, മെക്‌സിക്കോയ്ക്ക് മാത്രം ഇളവ് നല്‍കുന്നുവെന്ന് വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. എന്നാല്‍ ട്രംപ് ഒപ്പുവച്ച ഭേദഗതിയില്‍ കാനഡയും ഉള്‍പ്പെട്ടു. വടക്കേ അമേരിക്കന്‍ വ്യാപാര ഉടമ്പടിയുടെ ഭാഗമാണ് മൂന്ന് രാജ്യങ്ങളും. ഒന്നാം ട്രംപ് ഭരണകാലത്ത് നിലവില്‍ വന്നതാണ് ഈ ഉടമ്പടി.
ഇതിനുപകരമായി, കാനഡയും 125 ബില്ല്യണ്‍ കനേഡിയന്‍ ഡോളറിന്റെ യുഎസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവ നടപ്പിലാക്കുന്നത് ഏപ്രില്‍ 2 വരെ നീട്ടിയെന്ന് ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഇളവ് നല്‍കി കൊണ്ടുള്ള വൈറ്റ്ഹൗസിന്റെ ഉത്തരവില്‍ യുഎസ് കര്‍ഷകര്‍ക്ക് വളരെയധികം ആവശ്യമുള്ള പൊട്ടാഷും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ ഉത്തരവില്‍ ഊര്‍ജ്ജോല്‍പന്നങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുന്നില്ല. അവയുടെ മേല്‍ പ്രത്യേകം 10 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്. യുഎസ്-മെക്‌സികോ-കാനഡ വ്യാപാര ഉടമ്പടിയില്‍ കാനഡയില്‍ നിന്നുള്ള എല്ലാ ഊര്‍ജ ഉല്‍പന്നങ്ങളും ഉള്‍പ്പെടാത്തതാണ് ഇതിന് കാരണമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.


