
കാനഡ, മെക്‌സിക്കോ വാഹനങ്ങള്‍ക്ക് ട്രംപ് തീരുവ ഇളവ് നല്‍കി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ ചുമത്തിയ തീരുവയില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇളവ് നല്‍കി. ഒരു മാസത്തേക്കാണ് ഇളവ് നല്‍കുന്നത്. ഇത് അമേരിക്കന്‍ ഓഹരി വിപണിക്ക് താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു.
തീരുവ ഇളവ് നല്‍കാവുന്ന ഉല്‍പന്നങ്ങളേതെന്നുള്ള വാദം കേള്‍ക്കാന്‍ ട്രംപ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ 25 ശതമാനം തീരുവ കഴിഞ്ഞ ദിവസം നിലവില്‍ വന്നിരുന്നു. എന്നാല്‍ വ്യാപാര യുദ്ധം പിന്‍വലിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി.
യുഎസിലേക്ക് ഫെന്റാനൈല്‍ കടത്തുന്നത് തടയാന്‍ കാനഡയും മെക്‌സിക്കോയും നടപടി സ്വീകരിക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്രംപുമായി കഴിഞ്ഞ ദിവസം ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ സാഹചര്യം മെച്ചപ്പെട്ടുവെന്ന് തനിക്ക് ബോധ്യപ്പെട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
സാഹചര്യം മെച്ചപ്പെട്ടുവെന്ന് ട്രൂഡോ പറഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ അത് പോരെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് എഴുതി. സൗഹൃദപരമായ രീതിയിലാണ് സംഭാഷണം അവസാനിച്ചതെന്നും ട്രംപ് പറഞ്ഞു.
യുഎസ് പിടികൂടുന്ന ഫെന്റാനൈലിന്റെ 0.2 ശതമാനം വരുന്നത് കാനഡയുടെ അതിര്‍ത്തി കടന്നാണെന്ന് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നു. കൂടുതലും വരുന്നത് തെക്കന്‍ അതിര്‍ത്തിയിലൂടെയാണ്.
ട്രംപ് ഏര്‍പ്പെടുത്തിയ ഏതാനും തീരുവ പിന്‍വലിച്ചാല്‍ കാനഡ ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവയില്‍ കുറവ് വരുത്താന്‍ കാനഡ തയ്യാറാണ്. യുഎസും കാനഡയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കാരാറില്‍ എത്തിയിട്ടില്ല.
ഒരു മാസത്തെ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് വാഹന കമ്പനികളുടെ ഓഹരി വില വര്‍ദ്ധിച്ചു. എന്നാല്‍ വ്യാപാര പ്രശ്‌നങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതായതും കാരണം കഴിഞ്ഞ ദിവസം ഓഹരികള്‍ വിറ്റഴിച്ചു.
യുഎസ്-മെക്‌സിക്കോ- കാനഡ കരാറിലെ സങ്കീര്‍ണമായ ചട്ടങ്ങള്‍ പാലിക്കുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് ഒരുമാസത്തെ ഇളവ് നല്‍കിയിരിക്കുന്നത്. ഫോര്‍ഡ്, ജിഎം, സ്റ്റെല്ലാന്റിസ് എന്നീ കമ്പനികള്‍ക്ക് ഉപകാരമാകും. അസംസ്‌കൃത എണ്ണയും പെട്രോളും ഇറക്കുമതി ചെയ്യുന്നതിനുമേല്‍ ചുമത്തിയ 10 ശതമാനം താരിഫ് ട്രംപ് പിന്‍വലിച്ചേക്കും.