
ട്രംപിന്റെ പ്രതീക്ഷകള്‍ തെറ്റി; ഇമിഗ്രേഷന്‍ ആക്ടിങ് ഡയറക്ടര്‍ക്ക് സ്ഥാനം നഷ്ടമായി
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റ് ഒരു മാസത്തിനകം നാടുകടത്തിയത് 37,660 പേരെയെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്കുകള്‍ പറയുന്നു. ഇത് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നാല് വര്‍ഷ ഭരണകാലയളവിലെ അവസാന വര്‍ഷത്തിലെ മാസ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ബൈഡന്‍ മാസം ശരാശരി 57,000 പേരെ നാടുകടത്തിയിരുന്നു.
അനധികൃതമായി യുഎസില്‍ വസിക്കുന്നവരെ കണ്ടെത്താനും നാടുകടത്താനും വേണ്ടി പുതിയ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നതിനാല്‍ വരുംമാസങ്ങളില്‍ നാടുകടത്തല്‍ വര്‍ദ്ധിക്കുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരുന്നതന്‍ പറയുന്നു.
ഉയര്‍ന്ന തോതിലുള്ള അനധികൃതമായ കുടിയേറ്റം കാരണം ബൈഡന്‍ ഭരണകാലത്ത് നാടുകടത്തിയവരുടെ എണ്ണം കൃത്രിമമായി ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് ഡിഎച്ച്എസ് വക്താവ് ട്രിഷ്യ മക്ലാഫ്‌ലിന്‍ പറഞ്ഞു.
യുഎസ് ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം എണ്ണം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയിരുന്നത്. എന്നിട്ടും ബൈഡന്റെ അവസാന വര്‍ഷത്തെ നാടുകടത്തല്‍ കണക്കിനോടൊപ്പം എത്താന്‍ പോലുമാകാതെ ട്രംപ് കഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരെ അതിര്‍ത്തിയില്‍ നിന്നും പിടികൂടാന്‍ സാധിച്ചിരുന്നത് ജോലി എളുപ്പമാക്കിയിരുന്നു.
ട്രംപ് പ്രതീക്ഷിച്ചത് പോലെയുള്ള അളവില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ സാധിക്കാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആക്ടിങ് ഡയറക്ടറെ സ്ഥാനത്തുനിന്നും നീക്കി.