TMJ
searchnav-menu
post-thumbnail

TMJ Daily

മുൻ ഇൻ്റലിജൻസ് മേധാവിയെ യുക്രൈനിലെ പ്രത്യേക ദൂതനായി ട്രംപ് നോട്ടമിടുന്നു

23 Nov 2024   |   2 min Read
TMJ News Desk

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ മുൻ ഭരണകൂടത്തിലെ ഇന്റലിജൻസ് വിദഗ്ധനായ റിച്ചാർഡ് ഗ്രെനെലിനെ റഷ്യ യുക്രൈൻ സംഘർഷത്തിൻ്റെ പ്രത്യേക ദൂതൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കരുതുന്നു. ജർമ്മനിയിലെ വാഷിംഗ്ടണിൻ്റെ അംബാസഡറായും, നാഷണൽ ഇൻ്റലിജൻസ് ആക്ടിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗ്രെനെലിനെ പുതിയ പദവിയിൽ നിയമിക്കാൻ ട്രംപ് പരിഗണിക്കുന്ന വിവരം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഒരു സമാധാന കരാറിൽ എത്താൻ സഹായിക്കുന്ന ഒത്തുതീർപ്പിലെത്തുന്നതിന് ഒരു ഉന്നത നയതന്ത്രജ്ഞനെ നിയമിക്കാനുള്ള ട്രംപിൻ്റെ പദ്ധതികൾ കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്തത് ഫോക്സ് ന്യൂസ് ആണ്. വളരെ വിശ്വാസ്യതയുള്ള ആളാവും അതെന്നും അവർ പറഞ്ഞിരുന്നു.

പ്രത്യേക ദൂതനെ നിയോഗിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നതായി സ്ഥിരീകരിച്ച റോയിട്ടേഴ്‌സ് വൃത്തങ്ങൾ അത് ഗ്രെനെലാവുമെന്ന സൂചന നൽകി. തീരുമാനം ഉറപ്പായില്ലെങ്കിലും ട്രംപ് അങ്ങനെ ചെയ്യാൻ ശക്തമായ ചായ്‌വ് കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പരിചയ സമ്പന്നനായ നയതന്ത്രജ്ഞനും, രാഷ്ട്രീയ പ്രവർത്തകനുമായ ഗ്രെനെൽ 2018 മുതൽ 2020 വരെ ജർമ്മനിയിലെ യുഎസ് അംബാസഡറായും, 2020 ൽ നാഷണൽ ഇൻ്റലിജൻസിൻ്റെ ആക്ടിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ബെർലിനിലേക്കുള്ള ദൂതനായി നിയമിതനായതിന് പിന്നാലെ, ഗ്രെനെൽ യൂറോപ്യൻ യൂണിയനിൽ വിമർശനങ്ങൾ നേരിട്ടു. യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും, പ്രാദേശിക വലതുപക്ഷ പാർട്ടികൾക്ക് പരസ്യമായി പിന്തുണ നൽകിയതും, ഇറാനുമായുള്ള ബിസിനസ് ബന്ധം വിച്ഛേദിക്കാൻ യൂറോപ്യൻ തലസ്ഥാനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തതുമെല്ലാമാണ് വിമർശന വിധേയമായ കാര്യങ്ങൾ.

യുക്രൈൻ സംഘർഷത്തെക്കുറിച്ചുള്ള ഗ്രെനെലിൻ്റെ നിലപാട് സംഘർഷമേഖലയിൽ സ്വയംഭരണ മേഖലകൾ സൃഷ്ടിക്കണമെന്നും, യുക്രൈന്  ഉടനെ നാറ്റോ അംഗത്വം പാടില്ലെന്നുമാണ്. ഈ നിലപാട് ട്രംപ് ടീമിലെ പലരും പങ്കിട്ടിരുന്നു.

റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഗ്രെനെലിൻ്റെ പിന്തുണക്കാർ അദ്ദേഹത്തിൻ്റെ നീണ്ട നയതന്ത്ര ജീവിതത്തെയും യൂറോപ്യൻ കാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിനെയും ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ 2021 വരെ സെർബിയ-കൊസോവോ സമാധാന ചർച്ചകൾക്കുള്ള പ്രത്യേക പ്രസിഡൻഷ്യൽ ദൂതനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2020 സെപ്റ്റംബറിൽ, രാജ്യവും അതിൻ്റെ വേർപിരിയൽ പ്രദേശവും തമ്മിലുള്ള ഒരു കരാറിന് അദ്ദേഹം ഇടനിലക്കാരനായി. അത് അക്കാലത്തെ സംഘർഷങ്ങൾ കുറക്കാൻ സഹായിച്ചു.

യുക്രൈൻ സംഘർഷം എത്രയും വേഗത്തിൽ അവസാനിപ്പിക്കുമെന്നാണ് ട്രംപ് ആവർത്തിച്ച് പറയുന്നത്. കീവ് അതിൻ്റെ നാറ്റോ അഭിലാഷങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതും, നിലവിലെ അതിർത്തികൾ മരവിപ്പിക്കുന്നത് സമ്മതിക്കുന്നത് ഉൾപ്പെടെയുള്ളതാണ് ഒരു പ്രധാന നിർദ്ദേശം. യുക്രൈൻ നിഷ്പക്ഷത, സൈനികവൽക്കരണം, എന്നിവയുൾപ്പെടെയുള്ള സൈനിക നടപടിയുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റണമെന്ന് റഷ്യ ശഠിക്കുന്നു.



#Daily
Leave a comment