
വാൾ സ്റ്റ്രീറ്റ് ജേർണലിനെതിരെ 10 ബില്യൺ ഡോളർ ഹർജി നൽകി ട്രംപ്
2003ൽ ഡൊണാൾഡ് ട്രംപ് ജെഫ്രി എപ്സ്റ്റീന് അയച്ചത് എന്ന് ആരോപിക്കപ്പെടുന്ന ലൈംഗിക പരാമർശങ്ങൾ അടങ്ങിയ പിറന്നാൾ ആശംസയെക്കുറിച്ച് വാൾ സ്റ്റ്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെ,10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ് ഹർജി നൽകി. വാൾ സ്റ്റ്രീറ്റ് ഉടമ റൂപർട്ട് മർഡോക്കിനെയും പ്രതിചേർത്തു.
മയാമി ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ, റൂപ്പർട്ട് മർഡോക്ക് ഉൾപ്പെടെ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ട്രംപിനെ അപകീർത്തിപ്പെടുത്തിയതായും അതിലൂടെ അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും ഹർജിയിൽ പറയുന്നു.
വാൾ സ്റ്റ്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ ട്രംപിൻ്റെ ഇമേജ് തകർക്കുന്നതിനായി എഴുതിയതാണെന്നും അത് വ്യാജമാണെന്നും ട്രംപിൻ്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
“തെറ്റായ, വിദ്വേഷപരമായ, അപകീർത്തിയുണ്ടാക്കുന്ന വ്യാജ ലേഖനം പ്രസിദ്ധീകരിച്ചവർക്കെതിരെയും, ‘ഉപയോഗശൂന്യമായ പേപ്പർ’ വാൾ സ്റ്റ്രീറ്റ് ജേർണലിനെതിരെയും ഞങ്ങൾ ശക്തമായൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്". ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
എപ്സ്റ്റീൻ കേസിലെ ഗ്രാന്റ് ജൂറി സാക്ഷ്യം പുറത്തുവിടണമെന്ന് ട്രംപ് അനുയായികൾ വരെ പ്രതികരിച്ച് തുടങ്ങിയിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ജയിലിലായ ജെഫ്രി എപ്സ്റ്റീൻ, 2019ൽ ന്യൂയോർക്കിലെ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു.


