
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിനെ ട്രംപ് പുറത്താക്കി
സൈനിക നേതൃത്വത്തെ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ സി ക്യു ബ്രൗണിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മറ്റ് അഞ്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കുമെന്ന് ട്രംപ് അറിയിച്ചു.
യുഎസ് ചരിത്രത്തില്‍ ഈ തസ്തികയില്‍ എത്തുന്ന രണ്ടാമത്തെ മാത്രം കറുത്ത വംശജനാണ് ജനറല്‍ ബ്രൗണ്‍. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ പ്രസിഡന്റിനേയും പ്രതിരോധ സെക്രട്ടറിയേയും ഉപദേശിക്കുന്നത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാനാണ്. ബ്രൗണിന് 2027 വരെ കാലാവധി ഉണ്ടായിരുന്നു.
സൈന്യത്തിന്റെ വൈവിദ്ധ്യം, തുല്യത, എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ തുടങ്ങിയ നയങ്ങള്‍ പിന്തുടരുന്നതിനാല്‍ ജനറല്‍ ബ്രൗണിനെ പുറത്താക്കുമെന്ന് നേരത്തെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത് പറഞ്ഞിരുന്നു.
നേവല്‍ ഓപ്പറേഷന്‍സ് ചീഫായ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയേയും എയര്‍ഫോഴ്‌സിന്റെ വൈസ് ചീഫ് ഓഫ് സ്റ്റാഫായ ജനറല്‍ ജിം സ്ലിഫിനേയും പുറത്താക്കിയെന്ന് ഹെഗ്‌സെത് അറിയിച്ചു.
നാവിക സേനയെ നയിക്കുന്ന ആദ്യത്തെ വനിതയാണ് അഡ്മിറല്‍ ഫ്രാഞ്ചെറ്റി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍ മൂന്നുപേരും.
യുദ്ധങ്ങളില്‍ പ്രതിരോധിക്കുക, പോരാടുക, വിജയിക്കുക എന്ന അടിസ്ഥാന സൈനിക ദൗത്യത്തില്‍ ശ്രദ്ധിക്കുന്ന പുതിയ നേതൃത്വത്തെ പ്രസിഡന്റ് ട്രംപിന് കീഴില്‍ നിയമിക്കുമെന്ന് ഹെഗ്‌സെത് പറഞ്ഞു.
പുതിയ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാനായി വ്യോമ സേനയിലെ ലഫ്റ്റനന്റ് ജനറല്‍ ഡാന്‍ കെയ്‌നിനെ നിയമിക്കുമെന്ന് ട്രംപ് പറഞ്ഞു. സൈനിക കാര്യങ്ങള്‍ക്കായുള്ള സിഐഎ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എഫ്-16 പൈലറ്റാണ് ഡാന്‍ കെയ്ന്‍.