TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് ഹാര്‍വാഡിനുള്ള 2 ബില്ല്യണ്‍ ഡോളര്‍ മരവിപ്പിച്ചു

15 Apr 2025   |   1 min Read
TMJ News Desk

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള രണ്ട് ബില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ട് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. വൈറ്റ് ഹൗസില്‍ നിന്നും നല്‍കിയ ആവശ്യങ്ങളുടെ പട്ടിക സര്‍വകലാശാല തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

ക്യാമ്പസിലെ ജൂതവിരുദ്ധതയ്‌ക്കെതിരെയുള്ള നടപടികളുടെ പട്ടികയാണ് വൈറ്റ്ഹൗസ് കഴിഞ്ഞയാഴ്ച്ച സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇതില്‍ സര്‍വകലാശാലയുടെ ഭരണം, ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങള്‍, അഡ്മിഷന്‍ നടപടികള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു.

ഹാര്‍വാര്‍ഡ് സമൂഹത്തെ നിയന്ത്രിക്കാന്‍ വൈറ്റ്ഹൗസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് തിങ്കളാഴ്ച്ച സര്‍വകലാശാല ട്രംപിന്റെ ആവശ്യങ്ങള്‍ തള്ളിയിരുന്നു. സര്‍വകലാശാലയുടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ വേണ്ടി ട്രംപ് ഭരണകൂടം ചെലുത്തുന്ന സമ്മര്‍ദ്ദത്തെ തള്ളിയ ആദ്യത്തെ പ്രമുഖ സര്‍വകലാശാലയാണ് ഹാര്‍വാര്‍ഡ്. വൈറ്റ് ഹൗസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ വന്‍തോതില്‍ മാറ്റം വരികയും അതിന്റെ നിയന്ത്രണം ഗണ്യമായ തോതില്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്യേണ്ടി വരുമായിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനെതിരെ യുഎസിലെ കോളെജുകളില്‍ പ്രതിഷേധം നടക്കുമ്പോള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പ്രമുഖ സര്‍വകലാശാലകള്‍ പരാജയപ്പെടുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

സര്‍ക്കാരുമായുള്ള സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്നതിന് സര്‍വകലാശാല ഉറപ്പായും പാലിക്കേണ്ട പുതുക്കിയതും വിശാലമാക്കിയതുമായ ആവശ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് സര്‍വകലാശാലയ്ക്ക് അയച്ചു തന്നുവെന്ന് അതിന്റെ പ്രസിഡന്റ് അലന്‍ ഗര്‍ബര്‍ ഹാര്‍വാഡ് സമൂഹത്തിന് അയച്ച കത്തില്‍ പറയുന്നു.

ഭരണകൂടം നിര്‍ദ്ദേശിച്ച കരാര്‍ അംഗീകരിക്കുന്നില്ലെന്ന് സര്‍വകലാശാലയുടെ നിയമവിഭാഗം അവരെ അറിയിച്ചുവെന്നും അലന്‍ കത്തില്‍ പറയുന്നു. സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യം അടിയറവയ്ക്കുകയോ ഭരണഘടനാപരമായ അവകാശങ്ങളെ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് അലന്‍ പറഞ്ഞു. ജൂതവിരുദ്ധയ്‌ക്കെതിരായ നടപടികള്‍ എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അവയില്‍ ഭൂരിപക്ഷവും ഹാര്‍വാഡിന്റെ ബൗദ്ധിക സാഹചര്യങ്ങളെ നേരിട്ട് നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ചട്ടങ്ങളാണെന്നും കത്തില്‍ പറയുന്നു.


#Daily
Leave a comment