
ട്രംപ് തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു; ചൈനയുടേത് വര്‍ദ്ധിപ്പിച്ചു
ആഗോള ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുന്നതിന് ഇടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന തീരുവകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചു. അടിസ്ഥാന തീരുവയായ 10 ശതമാനം ഈടാക്കുന്നുണ്ട്. എന്നാല്‍, ചൈനയുടെ മേലുള്ളത് മരവിപ്പിക്കാതെ 125 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
ലോകത്തിലെ മിക്ക രാജ്യങ്ങളുമായും യുഎസ് വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍ക്കാലിക വിരാമമായി. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയായ എസ് ആന്‍ഡ് പി 500 സൂചിക 9.5 ശതമാനം മുന്നേറി. തീരുവ വിഷയത്തില്‍ ഓരോ രാജ്യങ്ങളുമായും യുഎസ് പ്രത്യേകം ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.
ഓഹരി വിപണിയിലെ അനിശ്ചിതാവസ്ഥ സൃഷ്ടിച്ച സമ്മര്‍ദ്ദം ആണ് പ്രസിഡന്റിനെ തീരുവ മരവിപ്പിക്കല്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. നിക്ഷേപകര്‍ ഓഹരികളും ബോണ്ടുകളും വിറ്റഴിച്ചപ്പോള്‍ വോട്ടര്‍മാരുടെ പെന്‍ഷന്‍ സേവിങ്‌സുകളില്‍ വന്‍തോതില്‍ കുറവ് വന്നതും പ്രതീക്ഷിച്ചതിനെക്കാള്‍ വില്‍പന കുറഞ്ഞതിനേയും വില വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് ബിസിനസുകാര്‍ മുന്നറിപ്പ് നല്‍കിയതും ട്രംപിനെ തീരുമാനം മരവിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
ആഗോള സമ്പദ് വ്യവസ്ഥ ട്രംപിന്റെ തീരുവകള്‍ക്കെതിരെ തുറന്ന പോരാട്ടം തുടങ്ങിയതും യുഎസ് പ്രസിഡന്റ് വിപണി സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തമല്ലെന്ന് തെളിയിച്ചു.
തീരുവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 75ല്‍ അധികം രാജ്യങ്ങള്‍ സമീപിച്ചുവെന്ന് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ കുറിച്ചു. അതിനാല്‍ 90 ദിവസത്തേക്ക് തീരുവ മരവിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയെന്ന് ട്രംപ് പറഞ്ഞു. തീരുമാനം ഉടനടി തന്നെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയില്‍ ഇടിവുണ്ടാകുന്നതില്‍ ആളുകള്‍ പേടിക്കുന്നത് കാരണം ആഗോള തീരുവയില്‍ നിന്നും പിന്നോട്ടു പോകുന്നതായി ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.