
കാനഡയുടേയും മെക്‌സിക്കോയുടേയുംമേലുള്ള തീരുവ ട്രംപ് മരവിപ്പിച്ചു
യുഎസ് കാനഡയുടേയും മെക്‌സിക്കോയുടേയും മേല്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി മരവിപ്പിച്ചു. 30 ദിവസത്തേക്കാണ് റദ്ദാക്കിയത്. അതേസമയം, ചൈനയുടെ മേലുള്ള ചുമത്തിയ തീരുവ തുടരും.
അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കച്ചവടവും തടയാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളോട് സഹകരിക്കാമെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബൗമും സമ്മതിച്ചതിനെ തുടര്‍ന്നാണ് ട്രംപ് തീരുവ മരവിപ്പിച്ചത്. ഇന്ന് മുതല്‍ 30 ദിവസത്തേക്കാണ് മരവിപ്പിച്ചത്.
യുഎസുമായുള്ള അതിര്‍ത്തിയില്‍ പുതിയ സാങ്കേതിക വിദ്യയും സൈനികരേയും വിന്യസിക്കാമെന്നും സംഘടിത കുറ്റകൃത്യം, ഫെന്റാനൈല്‍ കള്ളക്കടത്ത്, കള്ളപ്പണമിടപാട് എന്നിവ തടയുന്നതിനുള്ള യുഎസ് ശ്രമങ്ങളോട് സഹകരിക്കാമെന്നും കാനഡ സമ്മതിച്ചു.
മെക്‌സിക്കോ വടക്കന്‍ യുഎസ് അതിര്‍ത്തിയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരേയും മയക്കുമരുന്നിനേയും തടയുന്നതിനായി 10,000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിക്കും.
മെക്‌സിക്കോയിലേക്ക് മാരകായുധങ്ങള്‍ കടത്തുന്നതിനെ യുഎസ് തടയുമെന്നും ധാരണയായിട്ടുണ്ട്.
എന്നാല്‍ ചൈനയുമായി അത്തരം ധാരണയില്‍ യുഎസ് എത്തിയില്ല. 10 ശതമാനം തീരുവ ആണ് ചൈനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. കാനഡയുടേയും മെക്‌സിക്കോയുടേയും മേല്‍ 25 ശതമാനം തീരുവയാണ് ചുമത്തിയത്.


