
ട്രംപ് സൗദിക്ക് 100 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുന്നു
യുഎസ് സൗദി അറേബ്യയ്ക്ക് 100 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശിക്കുമ്പോള്‍ പാക്കേജ് പ്രഖ്യാപിക്കും.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഈ കരാര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല. ഇസ്രായേലുമായുള്ള സൗദിയുടെ ബന്ധം സാധാരണ നിലയില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ആയുധങ്ങള്‍ നല്‍കുന്നത്.
ചൈനയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിന് പകരമായി അമേരിക്കയില്‍ നിന്നും കൂടുതല്‍ ആധുനികമായ ആയുധങ്ങള്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.
ട്രംപിന്റെ നേതൃത്വത്തിന് കീഴില്‍ സൗദി അറേബ്യയുമായുള്ള ബന്ധം എക്കാലത്തേയുംകാള്‍ കൂടുതല്‍ ശക്തമാണെന്ന് ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പങ്കാളിത്തത്തിന്റെ പ്രധാന ഘടകം സുരക്ഷാ സഹകരണമാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സൗദിയുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവരുമായി തുടര്‍ന്നും അമേരിക്ക സഹകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് യുഎസില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ട്രംപ് തന്റെ ആദ്യ ഭരണകാലയളവില്‍ പറഞ്ഞിരുന്നു.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി-130 ചരക്ക് വിമാനങ്ങള്‍ അടക്കമുള്ള ആയുധങ്ങള്‍ നല്‍കും. കൂടാതെ, മിസൈലുകളും റഡാറുകളും ലോക്ക്ഹീഡ് നല്‍കും. ആര്‍ടിഎക്‌സ് കോര്‍പ്, ബോയിങ്, നോര്‍ത്രോപ് ഗണ്‍മാന്‍ കോര്‍പ്, ജനറല്‍ അറ്റോമിക്‌സ് തുടങ്ങിയ കമ്പനികളും കരാറിന്റെ ഭാഗമാകും.