TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തി ട്രംപ്

31 Jul 2025   |   2 min Read
TMJ News Desk

ഗസ്റ്റ് 1 മുതൽ "സുഹൃത്തായ" ഇന്ത്യക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതിന് പുറമെ അധിക പിഴയും കൊടുക്കേണ്ടി വരും. യുക്രൈൻ യുദ്ധം കണക്കിലെടുത്ത് റഷ്യയിൽ നിന്നും എണ്ണയും, സൈനികോൽപ്പന്നങ്ങളും വാങ്ങിയതിനാണ് അധിക പിഴ നൽകേണ്ടി വരുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

സുഹൃത്തുക്കളാണെങ്കിലും ഇന്ത്യയും, അമേരിക്കയും തമ്മിൽ താരതമ്യേന ചെറിയ വ്യാപാര ഇടപാടുകൾ മാത്രമേ നടത്തിയിട്ടുള്ളൂ എന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ട്രംപ് കുറിച്ചു.

"ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വർഷങ്ങളായി, വളരെ ഉയർന്ന താരിഫും, ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുള്ള, ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കഠിനവും, അരോചകവുമായ സാമ്പത്തികേതര വ്യാപാര തടസ്സങ്ങൾ ഉള്ള" രാജ്യമാണ് ഇന്ത്യ എന്ന്, അദ്ദേഹം കുറിച്ചു.

അതിനുപുറമെ, " അവർ എല്ലായ്പ്പോഴും അവരുടെ സൈനികോപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. എല്ലാവരും, റഷ്യ, യുക്രൈനിലെ കൊലപാതകം നിർത്തണമെന്ന് ആഗ്രഹിക്കുന്ന സമയത്ത്, ചൈനയ്‌ക്കൊപ്പം, റഷ്യയുടെ ഇന്ധനം ഏറ്റവും കൂടുതൽ വാങ്ങുന്നവരുമാണ് - എല്ലാം നല്ലതല്ല! അതിനാൽ ഇന്ത്യ ആദ്യം ഓഗസ്റ്റ് ഒന്ന് മുതൽ 25% താരിഫ് നൽകുകയും, മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പിഴ നൽകുകയും ചെയ്യും. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി. മാഗ!"

മറ്റൊരു പോസ്റ്റിൽ, അമേരിക്കക്ക്,  ഇന്ത്യയുമായി "വലിയ വ്യാപാര കമ്മി" ഉണ്ടെന്ന് ട്രംപ് പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച  അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾ വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നുണ്ടെന്നും അത് വ്‌ളാഡിമിർ പുടിൻ്റെ "യുദ്ധ യന്ത്രം" മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. "പ്രസിഡന്റ് ട്രംപ് ഈ രാജ്യങ്ങൾക്കെല്ലാം 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ പോകുന്നു. പുടിനെ സഹായിച്ചതിന് അവരെ ശിക്ഷിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുമായി വ്യാപാരത്തിലും ബിസിനസ്സിലും ഏർപ്പെടുന്ന രാജ്യങ്ങൾക്ക് നാറ്റോ മേധാവി മാർക്ക് റുട്ടെയും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച നാറ്റോ മേധാവി ഈ മൂന്ന് രാജ്യങ്ങളോടും റഷ്യയുമായുള്ള വ്യാപാരം നിർത്താൻ ആഹ്വാനം ചെയ്തു.

ഇന്ത്യക്ക് ഏർപ്പെടുത്തുന്ന താരിഫ് നിരക്കിനെച്ചൊല്ലി ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് ട്രംപിൻ്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് 20-25 ശതമാനം താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന സൂചന ചൊവ്വാഴ്ച  ട്രംപ് നൽകിയിരുന്നു. എന്നിരുന്നാലും, ഒന്നും അന്തിമമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മറ്റേതൊരു രാജ്യത്തേക്കാളും" ന്യൂഡൽഹി, അമേരിക്കക്ക് കൂടുതൽ താരിഫ് ചുമത്തുന്നുണ്ടെന്ന് ആവർത്തിക്കുമ്പോഴും അദ്ദേഹം ഇന്ത്യയെ "നല്ല സുഹൃത്ത്" എന്നും വിശേഷിപ്പിക്കുന്നു. "ഇന്ത്യ ഒരു നല്ല സുഹൃത്താണ്. പക്ഷേ, ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് ഈടാക്കിയിട്ടുണ്ട്...അത് ചെയ്യാനാവില്ല," ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.

സമയപരിധി അടിസ്ഥാനമാക്കി ഇന്ത്യ ഒരു വ്യാപാര കരാറിലും ഏർപ്പെടുന്നില്ലെന്നും, ദേശീയ താൽപ്പര്യം മുൻനിർത്തി മാത്രമാവും അമേരിക്കയുമായുള്ള നിർദ്ദിഷ്ട വ്യാപാര കരാർ അംഗീകരിക്കുകയുള്ളുവെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഈ മാസം ആദ്യം പറഞ്ഞു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ ട്രംപ് വ്യാപകമായ പരസ്പര താരിഫുകൾ ചുമത്തിയ വിമോചന ദിന പ്രഖ്യാപനങ്ങളിൽ, ഇന്ത്യ 26 ശതമാനം താരിഫ് നൽകേണ്ടതായിരുന്നു. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന എതിർപ്പുകൾക്കിടയിൽ, പ്രസിഡന്റ് താരിഫുകൾ 90 ദിവസത്തെ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു, വാഷിംഗ്ടണുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ഇത് രാജ്യങ്ങൾക്ക് സമയം നൽകി. ആദ്യത്തെ സമയപരിധി ജൂലൈ 9ന് അവസാനിച്ചുവെങ്കിലും പിന്നീട് അത് ഓഗസ്റ്റ് 1 വരെ നീട്ടി.
 

#Daily
Leave a comment