TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് നിരുത്തരവാദി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു: കമല ഹാരിസ്

08 Oct 2024   |   1 min Read
TMJ News Desk

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും, മുൻ യുഎസ് പ്രസിഡന്റുമായ  ഡൊണാൾഡ് ട്രംപ് നിരുത്തരവാധിത്വമാണ് കാണിക്കുന്നതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും, യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. ഹെലൻ കൊടുങ്കാറ്റിലെ ദുരന്തബാധിതരെ സഹായിക്കാനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ച് നിരുത്തരവാദപരമായ സന്ദേശങ്ങൾ ട്രംപ് പ്രചരിപ്പിക്കുന്നുവെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. കൊടുങ്കാറ്റ് ദുരന്തത്തെ അതിജീവിച്ചവരോട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും, ട്രംപ് സ്വന്തം കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും കമല ഹാരിസ് പറഞ്ഞു.

ഹെലൻ കൊടുങ്കാറ്റ് ദുരന്തത്തിനിരയായ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവർക്ക് സർക്കാർ സഹായം നിഷേധിക്കുകയാണെന്നും, അനധികൃത കുടിയേറ്റക്കാരെ സഹായിക്കാൻ പണം നൽകിയതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ കയ്യിൽ പണമില്ലെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

ജോ ബൈഡൻ ഉറക്കത്തിലാണെന്നും, ജോർജിയ ഗവർണർ ബ്രയാൻ കെമ്പിന്റെ ഫോൺകോളുകൾക്ക് ബൈഡൻ പ്രതികരിക്കുന്നില്ലെന്നും, ജോർജിയയിലെ വാൾഡോസ്റ്റയെന്ന പ്രദേശം സന്ദർശിക്കുന്നതിനിടെ ട്രംപ് പറഞ്ഞിരുന്നു. കെമ്പിനോട് സംസാരിച്ചിരുന്നുവെന്നും, ട്രംപ് നുണ പറയുകയാണെന്നും ജോ ബൈഡൻ പിന്നീട് പ്രതികരിച്ചു.

സർക്കാരിന്റെ സഹായങ്ങൾക്ക് ജനങ്ങളെല്ലാവരും അർഹരാണെന്നും, സഹായങ്ങൾക്കായി ജനങ്ങൾ അപേക്ഷകൾ സമർപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾക്കും കൂടെയാണ് സർക്കാർ സംവിധാനങ്ങളുള്ളതെന്നും, അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമേകാനാണ് ഇത്തരം സംവിധാനങ്ങളെന്നും അവർ പറഞ്ഞു.

ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനെയും കമല ഹാരിസ് വിമർശിച്ചിരുന്നു. ഡിസാന്റിസ് “രാഷ്ട്രീയ കളികൾ കളിക്കുക”യാണെന്നും, ഹെലൻ കൊടുങ്കാറ്റ് ദുരന്തത്തെ അതിനായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു. കമല ഹാരിസിന് ഇതിലൊന്നും ഒരു റോളുമില്ലെന്നും, കമല ഹാരിസ് വൈസ് പ്രസിഡന്റായിരുന്ന മൂന്നര കൊല്ലത്തിൽ ഇത് പോലത്തെ പല കൊടുങ്കാറ്റുകളെ താൻ നേരിട്ടിട്ടുണ്ടെന്നും ഡിസാന്റിസ് പ്രതികരിച്ചു. അത്തരം പ്രതിസന്ധികളിലൊന്നും കമല ഹാരിസ് ഒരു സഹായവും ചെയ്തിരുന്നില്ലെന്നും ഡിസാന്റിസ് കൂട്ടിച്ചേർത്തു.

ആറ് സ്റ്റേറ്റുകളിലായി 220 പേരാണ് ഹെലൻ കൊടുങ്കാറ്റ് ദുരന്തത്തിൽ മരണമടഞ്ഞത്. കാറ്റഗറി അഞ്ചിലുള്ള മിൽട്ടൺ എന്ന കൊടുങ്കാറ്റ് ഫ്ളോറിഡയുടെ തീരപ്രദേശത്തേക്ക് അടുക്കുകയാണ്.


#Daily
Leave a comment