
മെറ്റയ്‌ക്കെതിരായ ട്രംപിന്റെ നിയമനടപടി 25 മില്ല്യണ്‍ ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കി
2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റല്‍ ഹില്‍ ആക്രമണത്തെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റിന് 25 മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്ന് മെറ്റ സമ്മതിച്ചു.
22 മില്ല്യണ്‍ ഡോളര്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്കായി ചെലവഴിക്കുമ്പോള്‍ ബാക്കി നിയമ നടപടികളുടെ ഫീസും മറ്റുമായി നല്‍കും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ട്രംപ് നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് മെറ്റയുടെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തത്.
തന്നെ തെറ്റായി സെന്‍സര്‍ ചെയ്തുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയ്‌ക്കെതിരെയും അവയുടെ ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇവര്‍ നിയമവിരുദ്ധമായി കണ്‍സര്‍വേറ്റീവ് കാഴ്ച്ചപ്പാടുകളെ നിശ്ബദമാക്കിയെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, അടുത്തിടെ ട്രംപും ടെക് വമ്പന്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും ചെയ്തു. മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും എക്‌സിന്റെ ഉടമസ്ഥന്‍ എലോണ്‍ മസ്‌കും കഴിഞ്ഞയാഴ്ച്ച ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുകയും ചെയ്തു.