TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തിന്റെ ചാറ്റ് ചോര്‍ന്നു

25 Mar 2025   |   1 min Read
TMJ News Desk

യുഎസ് സൈന്യം യെമനില്‍ ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ സംഘം ചാറ്റ് ചെയ്തത് ചോര്‍ന്നു. സൈന്യം നടത്താന്‍ പോകുന്ന ആക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ചോര്‍ന്നത്. മെസ്സഞ്ചര്‍ ആപ്പായ സിഗ്നലില്‍ ചര്‍ച്ച നടത്തിയ ഗ്രൂപ്പിലേക്ക് യുഎസുകാരനായ മാധ്യമപ്രവര്‍ത്തകനെ അബദ്ധവശാല്‍ അംഗമാക്കിയതാണ് ചോര്‍ച്ചയ്ക്ക് കാരണമായത്.

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തും അടക്കമുള്ളവരായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. ഇതില്‍ അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ജെഫ്രി ഗോള്‍ഡ്ബര്‍ഗിനെയാണ് അംഗമാക്കിയത്. അദ്ദേഹം തിങ്കളാഴ്ച്ച തന്റെ അനുഭവം വിവരിച്ചു കൊണ്ട് അറ്റ്‌ലാന്റിക് വെബ്‌സൈറ്റില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ഹൂതികള്‍ക്കെതിരെ നടത്തുന്ന യുഎസ് ആക്രമണത്തിന്റെ രഹസ്യ സൈനിക പദ്ധതികള്‍ ബോംബാക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായി താന്‍ കണ്ടുവെന്ന് ജെഫ്രി വെളിപ്പെടുത്തി. ആയുധങ്ങള്‍, ലക്ഷ്യസ്ഥാനങ്ങള്‍, സമയം തുടങ്ങിയ വിവരങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ കണ്ടുവെന്ന് ജെഫ്രി പറയുന്നു.

ജെഫ്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡെമോക്രാറ്റുകളില്‍നിന്ന് കൂടാതെ ട്രംപിന്റെ പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ വാള്‍ട്‌സ് എന്ന് കരുതുന്ന ഒരാളില്‍ നിന്നും കണക്ഷന്‍ റിക്വസ്റ്റ് ലിങ്ക് തനിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പിലേക്ക് താന്‍ ചേര്‍ക്കപ്പെട്ടതെന്ന് ജെഫ്രി പറഞ്ഞു.

ഹൂതികളെ പിന്തുണയ്ക്കുന്ന ഒരാളുടെ ഫോണ്‍ നമ്പരാണ് ഗ്രൂപ്പിലേക്ക് ചേര്‍ത്തതെങ്കില്‍ ആ ആക്രമണത്തില്‍ പങ്കെടുക്കാന്‍ പോകുന്ന അമേരിക്കന്‍ സൈനികരുടെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്ന് ജെഫ്രി പറഞ്ഞു.

അറ്റ്‌ലാന്റിക്കിലെ വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്കെതിരായ ആക്രമണം വളരെ വിജയകരവും ഫലപ്രദവുമായിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മൈക്ക് വാള്‍ട്‌സ് അടക്കം ദേശീയ സുരക്ഷാ സംഘത്തില്‍ ട്രംപിന് തുടര്‍ന്നും വിശ്വാസമുണ്ടെന്നും പ്രസ്താവന പറഞ്ഞു.

ആക്രമണം വിജയകരമായിരുന്നുവെന്ന് പറഞ്ഞ് പ്രതിരോധ സെക്രട്ടറി ചാറ്റില്‍ ചര്‍ച്ച ചെയ്ത സൈനിക ഓപ്പറേഷനെ പ്രതിരോധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഹെഗ്‌സേത്ത് ജെഫ്രിയെ വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് വിളിച്ച് വിമര്‍ശിച്ചു.






#Daily
Leave a comment