
എഫ്ബിഐയുടെ തലവനായി ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നിർദ്ദേശിച്ച് ട്രംപ്
മുൻ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷന്റെ (എഫ്ബിഐ) തലവനായി നിർദ്ദേശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എഫ്ബിഐയുടെ നിലവിലെ ഡയറക്ടറായ ക്രിസ്റ്റഫർ വ്രെയെ പുറത്താക്കിയേക്കാമെന്ന സൂചന കൂടിയാണ് ഈ പ്രഖ്യാപനം നൽകുന്നത്. ഭരണക്കാലത്ത് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ, പ്രതിരോധ വകുപ്പ് ഡയറക്ടർ നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. കൂടാതെ ട്രംപിന്റെ അജണ്ടയെ പിന്തുണയ്ക്കാൻ വിസമ്മതിക്കുന്ന ജീവനക്കാരെ എഫ്ബിഐയുടെ വിവരശേഖരണ റോളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാഷ് പട്ടേൽ ജനിച്ചത് ന്യൂയോർക്കിലാണ്. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ന്യൂയോർക്കിലെത്തിയ ഗുജറാത്ത് സ്വദേശികളുടെ മകനാണ് പട്ടേൽ. മുൻ ഹൗസ് ഇന്റലിജൻസ് ചെയർമാൻ ഡെവിൽ ന്യൂൺസിന്റെ സഹായിയായിരുന്ന കാലത്ത് ട്രംപിൻ്റെ 2016ലെ പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള എഫ്ബിഐയുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്നതിൽ കാഷ് പട്ടേൽ പ്രധാന പങ്കുവഹിച്ചു. 2021 ജനുവരിയിൽ ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം, തൻ്റെ പ്രസിഡൻഷ്യൽ രേഖകൾ ആക്സസ് ചെയ്യുന്നതിന് ട്രംപ് നിയോഗിച്ച നിരവധി ആളുകളിൽ ഒരാളുമായിരുന്നു കാഷ് പട്ടേൽ.
പട്ടേലിന്റെ നാമനിർദ്ദേശത്തോടെ ട്രംപ് മുമ്പ് നിയമിച്ച റിപ്പബ്ലിക്കൻ ക്രിസ്റ്റഫർ വ്രെയെ പുറത്താക്കുമെന്നുള്ള സൂചനയും ട്രംപ് തരുന്നു. വ്രെയുടെ ഭരണ കാലാവധി 2027ൽ ആണ് പൂർത്തിയാവുക. 10 വർഷത്തെ കാലാവധിയിലാണ് എഫ്ബിഐ ഡയറക്ടർമാരെ നിയമിക്കുന്നത്. 2016ലെ ട്രംപിന്റെ പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ച ജെയിംസ് കോമിയെ 2017ൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം നിയമിതനാക്കിയ ക്രിസ്റ്റഫർ വ്രെയോട് ട്രംപ് അനുകൂലികൾ പലപ്പോഴും രോഷം പ്രകടിപ്പിച്ചിരുന്നു.