
മാറ്റ് ഗെയ്റ്റ്സിന്റെ പിൻമാറ്റത്തിന് പിന്നാലെ പാം ബോണ്ടിയെ അറ്റോണി ജനറലായി നിർദ്ദേശിച്ച് ട്രംപ്
വെറ്ററൻ പ്രോസിക്യൂട്ടർ പാം ബോണ്ടിയെ അറ്റോണി ജനറലായി നിർദ്ദേശിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറ്റോണി ജനറൽ സാധ്യത പട്ടികയിൽ നിന്ന് മാറ്റ് ഗെയിറ്റ്സ് പിൻമാറിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം. ഫ്ലോറിഡയുടെ അറ്റോണി ജനറലായി മുൻപരിചയവും നിയമപാലകയായി നിരവധി നാളുകളുടെ പരിചയസമ്പത്തും ബോണ്ടിയ്ക്കുണ്ട്. ട്രംപിന്റെ ദീർഘകാല സുഹൃത്തുക്കളിൽ ഒരാളു കൂടിയായ ബോണ്ടി ട്രംപ് ഭരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ട്രംപിന്റെ നിയമപോരാട്ടങ്ങൾക്കെല്ലാം പിന്തുണ നൽകിയിരുന്നു.
അറ്റോണി ജനറൽ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ മുൻഗണന പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന മാറ്റ് ഗെയിറ്റ്സ് പിൻമാറിയതിന് പിന്നാലെയാണ് പാം ബോണ്ടിയെ തിരഞ്ഞെടുക്കുന്നത്. ഇത് ട്രംപ് സെനറ്റ് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്.
20 വർഷക്കാലം പ്രോസിക്യൂട്ടറായി പാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റവാളികളോട് കർശക്കത്തോടെയാണ് ബോണ്ടി ഇടപെട്ടത്. ഫ്ലോറിഡയിലെ തെരുവുകളിൽ ക്രമസമാധാനം ഉറപ്പ് വരുത്താനും പാംമിന് കഴിഞ്ഞിട്ടുണ്ട്. ബോണ്ടിയെ അറ്റോർണി ജനറലായി നിർദ്ദേശിച്ച് കൊണ്ട് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. 2016 മുതൽ ട്രംപ് പ്രചാരണങ്ങളിലെല്ലാം ബോണ്ടി ഭാഗമായിരുന്നു. 2019ൽ ട്രംപിനെതിരെ നിയമനടപടി നേരിട്ട സമയത്ത് ട്രംപിന്റെ നിയമോപദേശകയായും ഡിഫൻസ് അറ്റോണിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2020ൽ ട്രംപ് വോട്ടർ തട്ടിപ്പ് വിവാദം നേരിട്ട സമയത്തും നിയമോപദേശക സംഘത്തിൽ ഭാഗമായിരുന്നു ബോണ്ടി. ട്രംപിന്റെ ഒപിയോഡ് ആന്റ് ഡ്രഗ് അബ്യൂസ് കമ്മീഷന്റെ ഭാഗവും നിയമ വിഭാഗമായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിനും നേതൃത്വം നൽകുകയും ചെയ്തു. സെനറ്റിലേക്കുള്ള നിയമനം ഉറപ്പായാൽ രാജ്യത്തിന്റെ ചീഫ് ലോ എൻഫോഴ്സ്ന്റ് ഓഫീസറും 1,15,000 ജീവനക്കാരും 45 ബില്യൺ ഡോളർ ബജറ്റുമുള്ള ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃസ്ഥാനവും ബോണ്ടി വഹിക്കും. അധികാരമേറ്റാൽ തന്റെ രാഷ്ട്രീയ ശത്രുക്കളെ നേരിടുമെന്ന ട്രംപിന്റെ പ്രതിജ്ഞ പൂർത്തീകരിക്കാനും ബോണ്ടി നേതൃത്വം നൽകും.