
ട്രംപ്-പുടിൻ ഉച്ചകോടിയിൽ കണ്ണുംനട്ട് ലോകം
ട്രംപ്-പുടിൻ അലാസ്ക ഉച്ചകോടി ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി ഒരുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിക്കുക. ഉപദേശകരില്ലാതെ ഇരുനേതാക്കളും ആദ്യം ചർച്ച നടത്തും. റഷ്യ-യുക്രെയ്ൻ യുദ്ധവും, ഇന്ത്യ ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെ ഏർപ്പെടുത്തിയ തീരുവയുടെയും പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെയാണ്.
ആങ്കറേജിലെ എൽമൻഡോർഫ്-റിച്ചാർഡ്സൺ സൈനിക ബേസിൽ വച്ചാണ് കൂടിക്കാഴ്ച നടത്താൻ പോവുന്നത്. ഇരുനേതാക്കളും ആദ്യം തനിയെ ചർച്ച ചെയ്തതിന് ശേഷം പ്രതിനിധി സംഘങ്ങളുമായുള്ള ചർച്ചകളും നടക്കും. തുടർന്ന് ഉച്ചഭക്ഷണവും, സംയുക്ത വാർത്താസമ്മേളനവും ഉണ്ടാവും. റഷ്യൻ സംഘം ഇന്ന് തന്നെ മടങ്ങുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യൂറോപ്പ്-യുക്രെയ്ൻ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമോ എന്നറിയാൻ ട്രംപ്-പുടിൻ കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്. റഷ്യ-യുക്രെയ്ൻ അടക്കം പല തർക്കങ്ങളും യുദ്ധങ്ങളും പരിഹരിക്കുമെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇസ്രായേൽ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഇസ്രയേലിലും ഇറാനിലുമുള്ള യുഎസ് ഇടപെടലുകളിലും, പഹൽഗാം ഭീകരാക്രമണശേഷം ഇന്ത്യ-പാക് ആക്രമണ വേളയിലെ ഇടപെടലുകളിലും ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് പറഞ്ഞിരുന്നു.


