TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ്- പുടിൻ ഉച്ചകോടി കരാറിൽ എത്തിയില്ല  

16 Aug 2025   |   2 min Read
TMJ News Desk

ലോകം ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഉച്ചകോടി യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനോ, താൽക്കാലികമായ വെടിനിർത്തലിനോ ഉള്ള ഒരു കരാറിലും എത്തിച്ചേർന്നില്ല. എന്നാൽ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന്  ഇരു നേതാക്കളും വിശേഷിപ്പിച്ചു.

അലാസ്‌കയിൽ ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടപ്പോൾ, ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി ഇരു നേതാക്കളും പറഞ്ഞു. എന്നാൽ അവർ വിശദാംശങ്ങൾ നൽകുകയോ ചോദ്യങ്ങളൊന്നും സ്വീകരിക്കുകയോ ചെയ്തില്ല, സാധാരണയായി വാചാലനായ ട്രംപ് മാധ്യമപ്രവർത്തകരുടെ ഉച്ചത്തിലുള്ള ചോദ്യങ്ങൾ അവഗണിച്ചു.

യുക്രൈൻ നേതാവ് വോളോഡിമിർ സെലെൻസ്‌കി "കരാർ ഉണ്ടാക്കണം" എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞതായി റഷ്യൻ മാധ്യമമായ RT റിപ്പോർട്ട് ചെയ്തു. ട്രംപ്  ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിനെ അടിസ്ഥാനമാക്കിയാണ് RT വാർത്ത. "വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ച"യെന്ന് പറഞ്ഞ ട്രംപ് സംഘർഷം പരിഹരിക്കുന്നതിന് ഇരു കക്ഷികളും "വളരെ അടുത്താണ്" എന്നും കൂട്ടിച്ചേർത്തു. സമാധാനത്തിനായുള്ള ശ്രമത്തിൽ കീവ് പങ്കുചേരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സെലെൻസ്‌കിക്ക് എന്ത് ഉപദേശം നൽകുമെന്ന ചോദ്യത്തിന്, "കരാർ ഉണ്ടാക്കുക", പുടിൻ "അത് പൂർത്തിയാകുന്നത് കാണാൻ ആഗ്രഹിക്കുന്നു" എന്ന് താൻ വിശ്വസിക്കുന്നുവെന്ന് ട്രംപ് മറുപടി നൽകി. "അത് പൂർത്തിയാക്കേണ്ടത് യഥാർത്ഥത്തിൽ പ്രസിഡന്റ് സെലെൻസ്‌കിയുടെ ഉത്തരവാദിത്തമാണ്. യൂറോപ്യൻ രാജ്യങ്ങളും അൽപ്പം ഇടപെടണമെന്ന് ഞാൻ പറയും," അദ്ദേഹം പറഞ്ഞു.

പുടിനും, സെലെൻസ്‌കിയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. “അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ അടുത്ത യോഗത്തിൽ ഉണ്ടാകും… എനിക്ക് അവിടെ ഉണ്ടാവണമെന്നില്ല, പക്ഷേ അത് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു". യുക്രെയ്നുമായി ബന്ധപ്പെട്ട ഒരു കരാറും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കൂടിക്കാഴ്ചയെ ഫലപ്രദമായിരുന്നുവെന്ന് ഇരു നേതാക്കളും വിശേഷിപ്പിച്ചു.

സെലെൻസ്‌കിയുമായുള്ള നേരിട്ടുള്ള ചർച്ചകൾ പുടിൻ നേരത്തെ തള്ളിക്കളഞ്ഞിരുന്നില്ല, എന്നാൽ സംഘർഷം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിഷ്പക്ഷത, സൈനികവൽക്കരണം, ഡിനാസിഫിക്കേഷൻ എന്നീ കാര്യങ്ങൾ യുക്രെയ്ൻ  ഉറപ്പാക്കണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യങ്ങൾ. അതിനൊപ്പം റഷ്യയുടെ ഭാഗങ്ങളാകാൻ വോട്ട് ചെയ്ത ക്രിമിയ, ഡൊനെറ്റ്സ്ക്, ലുഗാൻസ്ക്, കെർസൺ, സപോറോഷെ മേഖലകളുടെ തീരുമാനം അംഗീകരിക്കണമെന്നും മോസ്കോ നിർബന്ധിക്കുന്നു. എന്നാൽ ക്രിമിയ ഉൾപ്പടെ റഷ്യ സൈനികാക്രമണത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടു നൽകണമെന്നും, നാറ്റോയും, യൂറോപ്യൻ യൂണിയനുമടക്കമുള്ള സഖ്യത്തിൻ്റെ ഭാഗമാവണമെന്നുമാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്.


#Daily
Leave a comment