
60 രാജ്യങ്ങളുടെ മേലുള്ള ട്രംപിന്റെ പകര തീരുവ നിലവില്‍ വന്നു
അമേരിക്കയിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന 60 രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ പകരത്തീരുവകള്‍ ഇന്ന് നിലവില്‍ വന്നു. ഇതില്‍ ചൈനയ്ക്കുമേല്‍ ചുമത്തിയ 104 ശതമാനവും ഉള്‍പ്പെടുന്നു. യുഎസ് ആദ്യം ചുമത്തിയ തീരുവയ്ക്ക് തിരിച്ചടിയായി ചൈന യുഎസ് ചരക്കുകള്‍ക്കുമേല്‍ തീരുവ ചുമത്തിയതില്‍ പ്രകോപിതനായ ട്രംപ് തീരുവ 104 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. യുഎസില്‍ നിന്നുള്ള ചരക്കുകളുടെ മേല്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുകയും മറ്റ് വ്യാപാര തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യങ്ങളെന്ന് ട്രംപ് വിശേഷിപ്പിച്ച 60 രാജ്യങ്ങളുടെ മേലുള്ള തീരുവയാണ് നിലവില്‍ വന്നത്.
തിരിച്ചടി തീരുവ പിന്‍വലിക്കാന്‍ ട്രംപ് ചൈനയ്ക്ക് സമയവും കൊടുത്തിരുന്നു. എന്നാല്‍, ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ചൈന വഴങ്ങിയില്ല. അവസാനം വരെ പൊരുതമെന്നും പ്രശ്‌നങ്ങളെ ഭയക്കുന്നില്ലെന്നും ചൈന പറഞ്ഞിരുന്നു.
ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് പകരം മറ്റെവിടെ നിന്നും യുഎസ് വിപണിയില്‍ ലഭ്യമാക്കുമെന്ന് വ്യക്തമല്ല. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ചൈന. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളാണ് യുഎസും ചൈനയും. യുഎസ് വിപണി ചൈനയ്‌ക്കോ മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കോ അത്യാകര്‍ഷകമായ വിപണിയല്ലെന്നും അതിനാല്‍ ചൈനയും മറ്റും ട്രംപിന് മുന്നില്‍ മുട്ടുകുത്താന്‍ സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
യുഎസിന്റെ സഖ്യ രാജ്യങ്ങളായ ജപ്പാന്‍, തായ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ മേലും ട്രംപ് ഉയര്‍ന്ന തീരുവകള്‍ ചുമത്തിയിട്ടുണ്ട്.
ഇപ്പോള്‍ യുഎസിലേക്ക് വന്നു കൊണ്ടിരിക്കുന്ന ചരക്കുകളെ ട്രംപിന്റെ തീരുവ ബാധിക്കുകയില്ല. എന്നാല്‍, ഇന്ന് മുതല്‍ കയറ്റുമതി ചെയ്യുന്നവയ്ക്ക് തീരുവ ബാധകമാകും.
മറ്റ് രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ചരക്കുകളുടെ മേലുള്ള നികുതി യുഎസ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ അത് യുഎസിലെ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.


