TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് 5.3 ലക്ഷം കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കി

22 Mar 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം 5.3 ലക്ഷം കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കി. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ താല്‍ക്കാലിക നിയമപരിരക്ഷയാണ് റദ്ദാക്കിയത്. കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ ഏറ്റവും പുതിയ നടപടിയാണിത്.

യുഎസ് സ്‌പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വേണ്ടി മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച രണ്ട് വര്‍ഷത്തെ പരോളാണ് റദ്ദാക്കിയത്. ഇത് ഏപ്രില്‍ 24 മുതല്‍ നിലവില്‍ വരും.

യുഎസില്‍ നിയമവിരുദ്ധമായി പ്രവേശിച്ചവരെ നാടുകടത്തുന്നത് അടക്കമുള്ള നടപടികള്‍ ട്രംപ് സ്വീകരിച്ചു വരികയാണ്.

റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിലെത്തിയ 2.4 ലക്ഷം യുക്രെയ്ന്‍കാര്‍ക്ക് നിലവില്‍ ലഭിച്ചിട്ടുള്ള നിയമപരിരക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ട്രംപ് മാര്‍ച്ച് 6ന് പറഞ്ഞിരുന്നു.

2022ല്‍ ജോ ബൈഡല്‍ വെനസ്വേലക്കാര്‍ക്കു വേണ്ടിയാണ് പരോള്‍ പ്രവേശന പദ്ധതി ആരംഭിച്ചത്. പിന്നീട് 2023ല്‍ ഇത് ക്യൂബക്കാര്‍ക്കും ഹെയ്തിക്കാര്‍ക്കും നിക്കരാഗ്വേക്കാര്‍ക്കും നല്‍കി. ഈ നാല് രാജ്യങ്ങളുമായുള്ള നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങള്‍ മോശമാണ്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി കുടിയേറ്റക്കാര്‍ എത്തുന്നത് തടയുകയായിരുന്നു ബൈഡന്റെ ലക്ഷ്യം. ഇങ്ങനെ എത്തിയവരില്‍ എത്ര പേര്‍ക്ക് ഇപ്പോള്‍ മറ്റ് തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുവെന്നത് വ്യക്തമല്ല.

പരിരക്ഷ റദ്ദാക്കപ്പെട്ടത് കാരണം ഇവരെ താമസിയാതെ നാടുകടത്തും.


#Daily
Leave a comment