TMJ
searchnav-menu
post-thumbnail

TMJ Daily

പ്രസിഡന്റായാല്‍ ഗൂഗിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ട്രംപ് 

28 Sep 2024   |   2 min Read
TMJ News Desk

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗൂഗിളിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെക്കുറിച്ച് ഗൂഗിള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2024 ലെ തന്റെ തിരഞ്ഞെടുപ്പ് എതിരാളി കമലാ ഹാരിസിനെതിരെ ഗൂഗിള്‍ ഒന്നും പറയുന്നില്ല എന്ന് ട്രംപ് ആരോപിച്ചു. സോഷ്യല്‍ മീഡിയയായ ട്രൂത്ത് പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള മോശം ഉള്ളടക്കം മാത്രം നല്‍കുന്ന സംവിധാനം ഗൂഗിള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നും, ചിലത് ഇതിനായി നിര്‍മ്മിച്ചതാണെന്നും, അതേസമയം കമലാ ഹാരിസിനെക്കുറിച്ചുള്ള നല്ല ഉള്ളടക്കം മാത്രമാണ് നല്‍കുന്നതെന്നും ട്രംപ് പോസ്റ്റില്‍ ആരോപിച്ചു.

ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്, തിരഞ്ഞെടുപ്പ് സമയത്തെ ഇത്തരം ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ നീതിന്യായ വകുപ്പ് അവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അമേരിക്കയുടെ പ്രസിഡന്റാകുമ്പോള്‍ രാജ്യത്തിന്റെ നിയമപ്രകാരം അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പറ്റി മോശമായ കാര്യങ്ങള്‍ പ്രചരിക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഒന്നും പറഞ്ഞില്ല. ഗൂഗിളിനെതിരെ ആഞ്ഞടിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ച കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. 

ഏതെങ്കിലും ഒരു പ്രത്യേക കക്ഷിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ തിരച്ചില്‍ ഫലങ്ങളില്‍ (സെര്‍ച്ച് റിസള്‍ട്ട്) കൃത്രിമം കാണിക്കുന്നില്ലെന്ന് ഗൂഗിള്‍ പറഞ്ഞു. രണ്ട് സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റുകളിലെല്ലാം വ്യക്തവും പൊതുവായിട്ടുമുള്ള ചോദ്യങ്ങളെല്ലാം തന്നെയാണ് കൊടുത്തിരിക്കുന്നത് എന്ന് ട്രംപിന്റെ ആരോപണത്തോട് കമ്പനി പ്രതികരിച്ചു. എന്നാലും ഗൂഗിളിന്റെ തിരയല്‍ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെന്ന് റിപബ്ലിക്കന്‍സ് വളരെക്കാലമായി പരാതിപ്പെടുന്നു. റിപ്പബ്ലിക്കന്‍സിന്റെ മാധ്യമ നിരീക്ഷണകേന്ദ്രമായി സ്വയം വിശേഷിപ്പിക്കുന്ന വലതുപക്ഷ മീഡിയ റിസര്‍ച്ച് സെന്റര്‍, ഗൂഗിള്‍ ഡെമോക്രാറ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള ട്രംപ് ചെയ്ത ട്രൂത്തിലെ പോസ്റ്റ്, എതിരാളികള്‍ എന്ന് കരുതുന്നവരെ  അദ്ദേഹം അധികാരത്തിലെത്തിയാല്‍ പ്രോസിക്യൂട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ അഭിഭാഷകര്‍, സാമ്പത്തിക സഹായം നല്‍കിയവര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, തനിക്കെതിരെ തെരഞ്ഞടുപ്പ് വഞ്ചനയില്‍ ഏര്‍പ്പെട്ടതായി കരുതുന്ന മറ്റ് നിരവധി ആളുകള്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ട്രംപ് ഈ മാസം മറ്റൊരു ട്രൂത്ത് പോസ്റ്റില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം, സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യുന്നത് തടയാന്‍ ട്രംപ് അനുയായികള്‍ നടത്തിയ കലാപത്തിന് കാരണമായ ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണം തടയാത്തതിന് മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടണമെന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച മിഷിഗണില്‍ നടന്ന ഒരു പ്രചാരണ റാലിയില്‍, നീതിന്യായ വകുപ്പ് ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കെതിരെ ഒരു ട്രസ്റ്റ് വ്യവഹാരം കൊണ്ടുവരുന്നതിന് മുമ്പ് പെലോസിയും ഭര്‍ത്താവും വിസ സ്റ്റോക്ക് വിട്ടു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ 'ഒരു റിപ്പബ്ലിക്കന്‍ പ്രദേശത്ത്' ഒരു അറ്റോര്‍ണി ജനറലിനെ നിയോഗിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.


#Daily
Leave a comment