TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് ഇറാനുമായി നേരിട്ട് ആണവ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് ട്രംപ്

08 Apr 2025   |   1 min Read
TMJ News Desk

യുഎസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തില്ലെന്ന ഇറാന്റെ വാദം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ആണവ കരാറിനെക്കുറിച്ചുള്ള നേരിട്ടുള്ള ചര്‍ച്ച ശനിയാഴ്ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു.

ചര്‍ച്ച നടത്താനുള്ള തീരുമാനം ഇറാന്റെ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചുവെങ്കിലും നേരിട്ടുള്ള ചര്‍ച്ചയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. യുഎസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തില്ലെന്ന നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്.

വളരെ ഉന്നത തല ചര്‍ച്ചയാണ് നടക്കുന്നതെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ അത് ഇറാനെ സംബന്ധിച്ച് വളരെ മോശം ദിവസമായിരിക്കുമെന്നും ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞു. കഴിഞ്ഞ മാസം യുഎസിന്റെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള വാഗ്ദാനത്തെ ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി തള്ളിയതിനെ തുടര്‍ന്ന് സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് ട്രംപ് ഇറാനുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്നതിനായി അവരെ ആക്രമിക്കാന്‍ ഇസ്രായേല്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. മേഖലയിലെ അപ്രഖ്യാപിത ആണവ ശക്തിയാണ് ഇസ്രായേല്‍.


#Daily
Leave a comment