ട്രംപ് താരിഫ് കേരളത്തിന് കനത്ത തിരിച്ചടി: ബാലഗോപാൽ
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചെലുത്താനുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സമ്പദ്ഘടന കോവിഡ് കാലഘട്ടത്തിന് സമാനമായ നിലയിൽ മുരടിപ്പ് നേരിടാൻ സാധ്യതയുള്ളതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിൽ നിന്നുള്ള പ്രമുഖ കയറ്റുമതി ഉൽപ്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കയർ എന്നിവയെ എല്ലാം കൂട്ടിയ ഇറക്കുമതി തീരുവ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയറ്റുമതി പ്രതിസന്ധിയിലാവുമ്പോൾ അത് പ്രസ്തുത മേഖലകളിൽ ജോലിയെടുക്കുന്ന തൊഴിലാളികളെയും ബാധിക്കും. ട്രംപ് താരിഫ് കേരളത്തിന്റെ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന വിഷയം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ജൂലൈ 16ന് ചർച്ച ചെയ്യും. സാമ്പത്തിക പണ്ഡിതരും മറ്റുള്ള വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും.
അമേരിക്കൻ ഇറക്കുമതി തീരുവ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് മന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ യോഗം ഇക്കാര്യത്തിൽ കേന്ദ്രം വിളിച്ചു ചേർക്കണം.


