
ട്രംപിന്റെ തീരുവ: ചൈന ലോകവ്യാപാര സംഘടനയെ സമീപിച്ചു
ചൈനീസ് ഇറക്കുമതിക്കുമേല്‍ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയ്‌ക്കെതിരെ ചൈന ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കി. മൂല്യം കുറഞ്ഞ പാക്കേജുകള്‍ക്ക് നികുതി ഇളവ് നല്‍കിയിരുന്നത് റദ്ദാക്കിയതും ചൈന ചോദ്യം ചെയ്തു. ഇത്തരം നടപടികള്‍ സംരക്ഷണ സ്വഭാവമുള്ളതാണെന്നും ഡബ്ല്യുടിഒ ചട്ടങ്ങളെ ലംഘിക്കുന്നതാണെന്നും ചൈന വാദിച്ചു.
800 ഡോളറിന് താഴെ മൂല്യമുള്ള പാക്കേജുകള്‍ക്ക് നികുതി ഇളവ് നല്‍കിയിരുന്നത് ട്രംപ് ഒഴിവാക്കിയത് റീട്ടെയ്‌ലര്‍മാര്‍ക്കും കൊറിയര്‍ കമ്പനികള്‍ക്കും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഷീന്‍, തെമു, ആമസോണ്‍ പോലുള്ള ഇകോമേഴ്‌സ് കമ്പനികള്‍ ഈ സൗകര്യം ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസിനോട് ചൈന വ്യാപാര ചര്‍ച്ചകള്‍ക്കുള്ള അഭ്യര്‍ത്ഥന നടത്തിയത്.
ചൈനയില്‍ നിന്നും ഹോങ്കോങില്‍ നിന്നുമുള്ള എല്ലാ ചെറിയ പാക്കേജുകളും എത്തുന്നതിന് മുമ്പ് കസ്റ്റംസില്‍ രേഖപ്പെടുത്തണമെന്ന് കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
താരിഫിനെക്കുറിച്ച് യുഎസുമായി ചര്‍ച്ച നടത്താനുള്ള അഭ്യര്‍ത്ഥന ചൈന സമര്‍പ്പിച്ചുവെന്ന് ലോകവ്യാപാര സംഘടന പറഞ്ഞു. ഫെന്റൈല്‍ മയക്കുമരുന്നും അവയുമായി ബന്ധപ്പെട്ട രാസവസ്തുക്കളും യുഎസില്‍ എത്തുന്നത് തടയുന്നതിനാണ് പുതിയ തീരുവ ചുമത്തിയതെന്ന ട്രംപിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് ചൈന ലോകവ്യാപാര സംഘടനയോട് പറഞ്ഞു.


