
ട്രംപ് തീരുവ: അവസാനം വരെ പോരാടുമെന്ന് ചൈന
ട്രംപ് ചുമത്തിയ തീരുവയ്ക്ക് പകരമായ ചൈന ചുമത്തിയ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുമേല്‍ 50 ശതമാനം നികുതി അധികമായി ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു.
യുഎസിന്റെ ബ്ലാക്ക്‌മെയിലിങ് ഒരിക്കലും അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളും തമ്മില്‍ തുറന്ന വ്യാപാര യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതകളിലേക്ക് വിദഗ്ദ്ധര്‍ വിരല്‍ചൂണ്ടുന്നു.
യുഎസ് പുതിയ തീരുവ ചുമത്തിയാല്‍ ചില ചൈനീസ് ഉല്‍പന്നങ്ങളുടെ മേലുള്ള തീരുവ 104 ശതമാനം ആകും. ചൈനയുടെ മേലുള്ള തീരുവകള്‍ തെറ്റുകളുടെമേല്‍ തെറ്റാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച്ച ഏഷ്യാ-പെസഫിക് മേഖലയിലെ ഓഹരി വിപണികളിലെ കൂട്ടക്കുരുതിക്കുശേഷം ചൊവ്വാഴ്ച്ച നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ജപ്പാന്റെ നിക്കിയും ഹോങ്കോങ്ങിന്റെ ഹാന്‍ങ് സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200 ഉം മുന്നേറ്റം നടത്തി. എന്നാല്‍ ചൈനയുടേയും സിങ്കപ്പൂരിന്റേയും തായ് വാന്റേയും വിപണികള്‍ ചൊവ്വാഴ്ച്ചയും തകര്‍ച്ച നേരിടുകയാണ്.