TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് തീരുവ: ആഗോള വ്യാപാരം 3 ശതമാനം ഇടിയുമെന്ന് യുഎന്‍ ഇക്കണോമിസ്റ്റ്

12 Apr 2025   |   1 min Read
TMJ News Desk

യുഎസ് ചുമത്തിയ തീരുവകള്‍ കാരണം ആഗോള വ്യാപാരം മൂന്ന് ശതമാനം ഇടിയുമെന്നും യുഎസ്, ചൈന പോലുള്ള വിപണികളില്‍ നിന്നും കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്ക് മാറുമെന്നും യുഎന്നിന്റെ അന്താരാഷ്ട്ര വ്യാപാര കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പമേല കോക്ക് ഹാമില്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ പകരത്തീരുവയും മറ്റ് രാജ്യങ്ങളുടെ തിരിച്ചടികളും ആഗോള ജിഡിപിയില്‍ 0.7 ശതമാനം കുറവ് വരുത്തുമെന്നും അവര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളുടെമേല്‍ യുഎസ് ചുമത്തിയ ഇറക്കുമതി തീരുവകള്‍ കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട്, ചൈനയൊഴികെയുള്ള മിക്ക രാജ്യങ്ങളുടേയും മേലുള്ള തീരുവകള്‍ നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിക്കുകയും ചെയ്തിരുന്നു. യുഎസിന്റെ നടപടിയെ തുടര്‍ന്ന് 125 ശതമാനം തീരുവ ചൈനയും ഏര്‍പ്പെടുത്തി. ചൈനയുടെ മേല്‍ യുഎസ് 145 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വ്യാപാര രീതികളിലും സാമ്പത്തിക ഏകീകരണത്തിലും ദീര്‍ഘകാലത്തേക്കുള്ള മാറ്റത്തോടൊപ്പം ആഗോള വ്യാപാരം 3 ശതമാനം ഇടിയുമെന്ന് അവര്‍ പറഞ്ഞു.

മെക്‌സിക്കോയില്‍ നിന്നുള്ള കയറ്റുമതി യുഎസ്, ചൈന, യൂറോപ്പ്, മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മാറുകയാണെന്നും ഇതില്‍നിന്നും കാനഡയ്ക്കും ബ്രസീലിനും തരക്കേടില്ലാത്ത നേട്ടവും ഇന്ത്യയ്ക്ക് വളരെ കുറച്ച് നേട്ടവും ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

സമാനമായി, വിയറ്റ്‌നാമില്‍ നിന്നുള്ള കയറ്റുമതി യുഎസ്, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും വഴിമാറി മദ്ധ്യേഷ്യ, വടക്കന്‍ ആഫ്രിക്ക വിപണിയിലേക്കും ഇയു, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പോകുകയാണെന്നും അവര്‍ പറഞ്ഞു.

വികസ്വസര രാജ്യങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനം, തൊഴില്‍ എന്നീ മാനദണ്ഡങ്ങളില്‍ ഏറ്റവും വലിയ വ്യവസായം ടെക്‌സ്റ്റൈല്‍ ആണെന്ന് അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര കയറ്റുമതി രാജ്യമായ ബംഗ്ലാദേശിനുമേല്‍ 37 ശതമാനം പകരത്തീരുവയാണ് ചുമത്തിയിട്ടുള്ളത്. ഇത് 2029 ഓടെ യുഎസിലേക്കുള്ള വാര്‍ഷിക കയറ്റുമതികളില്‍ 3.3 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടത്തിലേക്ക് നയിക്കുമെന്ന് കോക്ക് ഹാമില്‍ട്ടണ്‍ പറയുന്നു.

വൈവിദ്ധ്യവല്‍ക്കരണം, മൂല്യം വര്‍ദ്ധിപ്പിക്കുക, മേഖലാ ഏകീകരണം എന്നിവയാണ് വികസ്വര രാജ്യങ്ങള്‍ക്ക് ആഗോള ഞെട്ടലുകളെ നേരിടാനുള്ള പരിഹാരമാര്‍ഗത്തിന്റെ പ്രധാന ഘടകമെന്നും അവര്‍ പറഞ്ഞു.




 

#Daily
Leave a comment