
സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും ട്രംപ് തീരുവയില്‍ ഇളവ്; ചൈനയ്ക്കും ബാധകം
സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍ മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കുമേലുള്ള പകരത്തീരുവയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇളവ് അനുവദിച്ചു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ക്കും ഇളവ് ബാധകമാണ്. ചൈനയ്ക്കുമേലുള്ള 125 ശതമാനം തീരുവയും നിലവില്‍ മറ്റ് രാജ്യങ്ങളുടെ മേല്‍ ചുമത്തിയിട്ടുള്ള 10 ശതമാനം തീരുവയും അടക്കം ഒഴിവാക്കിയെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നു.
ചൈനയുടെ മേലുള്ള ട്രംപ് തീരുവയിലെ ആദ്യത്തെ പ്രധാനപ്പെട്ട ആശ്വാസമാണ് ഇളവ്. ഇതൊരു നിര്‍ണായക സാഹചര്യമാണെന്ന് വ്യാപാര വിദഗ്ദ്ധര്‍ പറയുന്നു. ഈ ആഴ്ച്ചയുടെ പ്രാരംഭത്തില്‍ ഇളവുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു.
ഗാഡ്ജറ്റുകളുടെ വില റോക്കറ്റ് പോലെ കുതിക്കുമെന്ന് യുഎസ് ടെക്ക് കമ്പനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപ് ഇളവ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. കാരണം, ഈ ഗാഡ്ജറ്റുകളില്‍ മിക്കതും നിര്‍മ്മിക്കുന്നത് ചൈനയാണ്.
എപ്രില്‍ 5 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഇളവില്‍ സെമികണ്ടക്ടറുകള്‍, സോളാര്‍ സെല്ലുകള്‍, മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഘടകങ്ങളും ഉള്‍പ്പെടുന്നു. ആപ്പിള്‍, എന്‍വിഡിയ, മൈക്രോസോഫ്റ്റ് പോലുള്ള വലിയ ടെക് കമ്പനികള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ട്രംപിന്റേത്.
ഇവയുടെയെല്ലാം നിര്‍മ്മാണം യുഎസിലേക്ക് മാറ്റുന്നതിന് കൂടുതല്‍ സമയം ഉറപ്പാക്കുന്നതിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു.
സെമി കണ്ടക്ടറുകള്‍, ചിപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ പോലുള്ള നിര്‍ണ്ണായ സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അമേരിക്കയ്ക്ക് ചൈനയെ ആശ്രിക്കാന്‍ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.