TMJ
searchnav-menu
post-thumbnail

TMJ Daily

യൂറോപ്യന്‍ യൂണിയനുമേല്‍ കൂടുതല്‍ താരീഫ് ഭീഷണിയുമായി ട്രംപ്

13 Mar 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ തീരുവയ്ക്ക് പകരമായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ്. യൂറോപ്യന്‍ യൂണിയനുമേല്‍ വീണ്ടും തീരുവകള്‍ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. യുഎസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍.

അടുത്ത മാസം മുതല്‍ യുഎസില്‍ നിന്നുള്ള ചില ചരക്കുകള്‍ക്കുമേല്‍ തിരിച്ചടി തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയാല്‍ യൂറോപ്യന്‍ യൂണിയനുമേല്‍ പുതിയ പിഴകള്‍ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. യുഎസിലേക്കുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതികള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ പുതിയ ഭീഷണി വന്നത്. 'അവര്‍ നമ്മുടെമേല്‍ എന്ത് ചുമത്തിയാലും അത് നമ്മള്‍ അവരുടെമേല്‍ ചുമത്തും,' ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീരുവകളുടെ മേലുള്ള ട്രംപിന്റെ അമിത ശ്രദ്ധ നിക്ഷേപകരുടേയും ഉപഭോക്താക്കളുടേയും ബിസിനസുകളുടേയും ആത്മവിശ്വാസം തകര്‍ക്കുകയും സാമ്പത്തികമാന്ദ്യ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. യുഎസിന്റെ അടുത്ത അനുയായിയും പ്രധാന വ്യാപാര പങ്കാളിയുമായ കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുരാജ്യങ്ങളുമായുള്ള ബന്ധം ട്രംപ് വഷളാക്കി.

യുഎസിന് ഏറ്റവും കൂടുതല്‍ ഉരുക്കും അലുമിനിയവും നല്‍കുന്ന രാജ്യമാണ് കാനഡ. കൂടാതെ, കാനഡയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ മേല്‍ യുഎസ് തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിയായി കാനഡയും യുഎസിനുമേല്‍ തീരുവ ചുമത്തി.

തങ്ങളുടെ ഉരുക്ക്, സ്റ്റീല്‍ വ്യവസായങ്ങളെ അന്യായമായി ലക്ഷ്യമിട്ടാല്‍ വെറുതെയിരിക്കില്ലെന്ന് കാനഡയുടെ ധനകാര്യമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കാനഡയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു.




#Daily
Leave a comment