
ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ട്രംപ്; രാജിവയ്ക്കാമോയെന്ന് ചോദിച്ച് ഇമെയില്‍ അയച്ചു
യുഎസ് സര്‍ക്കാരിലെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനായി 20 ലക്ഷം മുഴുവന്‍ സമയ സിവിലിയന്‍ ഫെഡറല്‍ ജീവനക്കാരോട് ജോലി രാജിവയ്ക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു കൊണ്ട് ട്രംപ് ഭരണകൂടം ഇമെയില്‍ അയച്ചു. രാജിവച്ചാല്‍ ഇന്‍സെന്റീവും ഭരണകൂടം വാഗ്ദാനം ചെയ്തു.
ഈ രാജിവയ്ക്കല്‍ പദ്ധതി പ്രകാരം സെപ്തംബര്‍ 30 വരെ ഫെഡറല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാം. ഈ പദ്ധതി പ്രകാരം രാജിവയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഫെബ്രുവരി 6 വരെ ജീവനക്കാര്‍ക്ക് സമയം നല്‍കി. ജീവനക്കാര്‍ക്ക് ലഭിച്ച മെയിലില്‍ രാജി എന്ന വാക്ക് ടൈപ്പ് ചെയ്ത് മറുപടി അയക്കണം. കുടിയേറ്റ, ദേശീയ സുരക്ഷ സംബന്ധമായ തസ്തികകളില്‍ ജോലി ചെയ്യുന്നവരും യുഎസ് പോസ്റ്റല്‍ സര്‍വീസിലുള്ളവരും ഒഴിച്ചുള്ള എല്ലാ സിവിലിയന്‍ ജീവനക്കാരും ഈ കൂട്ട രാജിവയ്ക്കല്‍ പദ്ധതിയുടെ ഭാഗമാണ്.
റിപ്പബ്ലിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് തന്റെ രാഷ്ട്രീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായി യുഎസ് ഫെഡറല്‍ സര്‍ക്കാരിനെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കീഴ്വഴക്കങ്ങളില്ലാത്ത ഈ നടപടി സ്വീകരിക്കുന്നത്.
പോസ്റ്റല്‍ സര്‍വീസ് ഒഴികെ 23 ലക്ഷം യുഎസ് സിവിലിയന്‍ ജീവനക്കാര്‍ ഉണ്ട്. സുരക്ഷാ ഏജന്‍സികളിലാണ് ഏറ്റവും കൂടുതല്‍ ഫെഡറല്‍ ജീവനക്കാരുള്ളത്. എന്നാല്‍, മുതിര്‍ന്നവരുടെ ആരോഗ്യം, കൃഷി പരിശോധന, സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ ജോലികളില്‍ ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുണ്ട്.
കാര്‍ഷികേതര തൊഴില്‍പ്പടയുടെ രണ്ട് ശതമാനത്തില്‍ താഴെയാണ് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം. ജീവനക്കാരുടെ തസ്തിക അല്ലെങ്കില്‍ അവരുടെ ഏജന്‍സിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അയച്ച മെയിലില്‍ പറയുന്നു.
എത്ര ജീവനക്കാര്‍ ട്രംപിന്റെ വാഗ്ദാനം സ്വീകരിക്കുമെന്ന് വ്യക്തമല്ല. കൂടാതെ, സര്‍ക്കാരിന്റെ ചെലവ് അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവയെ എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല. അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള ജീവനക്കാര്‍ വാഗ്ദാനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍ബിസി ന്യൂസ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഏകദേശം 100 ബില്ല്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.