
വാഹനം, മരുന്ന്, ചിപ്പ് എന്നിവയ്ക്കുമേല്‍ 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ തീരുവയിനങ്ങള്‍ പ്രഖ്യാപിച്ചു. വാഹനങ്ങള്‍, മരുന്നുകള്‍, ചിപ്പ് എന്നിവയുടെ മേല്‍ തീരുവ ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. വാഹനങ്ങള്‍ക്കുമേലുള്ള 25 ശതമാനം തീരുവ ഏപ്രില്‍ 2 മുതല്‍ നിലവില്‍ വരും. മരുന്നുകള്‍ക്കും സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കും മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞുവെങ്കിലും എന്ന് മുതല്‍ തീരുവ നിലവില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വിദേശ വിപണികളില്‍ യുഎസ് വാഹന നിര്‍മ്മാതാക്കളെ അന്യായമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവയുണ്ട്. യുഎസില്‍ പാസഞ്ചര്‍ കാര്‍ തീരുവ 2.5 ശതമാനമാണ്. എന്നാല്‍, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നൊഴികെയുള്ള പിക്ക്അപ് ട്രക്കുകള്‍ക്ക് യുഎസ് 25 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇത് ഡെട്രോയ്റ്റിലെ വാഹന നിര്‍മ്മാതാക്കള്‍ക്ക് വന്‍തോതില്‍ ലാഭം കൊയ്യാന്‍ സഹായിക്കുന്നുണ്ട്.
ട്രംപ് ഉയര്‍ത്തുന്ന വിവിധ തീരുവ ഭീഷണികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇയു വ്യാപാര തലവന്‍ മാരോസ് സെഫ്‌കോവിക് യുഎസിന്റെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലറ്റ്‌നിക്കുമായി വാഷിങ്ടണില്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ച ട്രംപ് പകരത്തിനുപകരം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്, യുഎസില്‍ നിന്നുള്ള കാറുകള്‍ക്കുമേലുള്ള തീരുവ യുഎസ് നിരക്കിലേക്ക് താഴ്ത്താമെന്ന് ഇയു സൂചന നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും ഇയു പാര്‍ലമെന്റ് അംഗങ്ങള്‍ അത് നിഷേധിച്ചിട്ടുണ്ട്.
യുഎസില്‍ നിന്നും കാറും മറ്റ് ഉല്‍പന്നങ്ങളും കൂടുതലായി ഇറക്കുമതി ചെയ്യുന്നതിന് ഇയു അധികൃതര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ട്രംപ് പറഞ്ഞു.