
മര ഇറക്കുമതിയുടെമേലും തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ്
യുഎസിലേക്കുള്ള മരം ഇറക്കുമതിയിലെ തീരുവയെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചു. ഈ നീക്കം ഇറക്കുമതി ചെയ്യുന്ന മരത്തിന്റേയും മര ഉല്‍പന്നങ്ങളുടേയും തീരുവ വര്‍ദ്ധിപ്പിച്ചേക്കും. അടുത്ത ആഴ്ച മുതല്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ മേല്‍ 25 ശമതാനം തീരുവ നിലവില്‍ വരാനിരിക്കുകയാണ്. ട്രംപിന്റെ പുതിയ തീരുമാനം കാനഡയില്‍ നിന്നുള്ള സോഫ്റ്റ് വുഡ് മരങ്ങളുടെ നിലവിലുള്ള തീരുവയുടെ മേല്‍ പുതിയ തീരുവ ചുമത്താന്‍ കാരണമാകും.
ഒരാഴ്ച്ചയ്ക്കുള്ളില്‍ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള മൂന്നാമത്തെ തീരുവ അന്വേഷണമാണിത്. 1962ലെ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ടിലെ 232ാം സെക്ഷന്‍ ഉപയോഗിച്ചാണ് യുഎസിലേക്കുള്ള മരത്തിന്റെ ഇറക്കുമതിയെക്കുറിച്ച് ദേശീയ സുരക്ഷാ അന്വേഷണം നടത്താന്‍ കോമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്കിന് ഉത്തരവ് നല്‍കിയത്. ആഗോള ഉരുക്ക്, അലുമിനിയം ഇറക്കുമതിയുടെ മേല്‍ തീരുവ ഏര്‍പ്പെടുത്താന്‍ ഈ നിയമം ആണ് ട്രംപ് ഉപയോഗിച്ചത്.
കിച്ചന്‍ കാബിനറ്റ് അടക്കമുള്ള മര ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും അന്വേഷണ പരിധിയില്‍ വരും. കോമേഴ്‌സ് വകുപ്പ് 270 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
അടുത്ത 90 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പൊതു സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചും വനങ്ങളിലും നദികളിലും മറ്റും വീണ് കിടക്കുന്ന തടികള്‍ ശേഖരിച്ചും യുഎസില്‍ മരത്തിന്റെ ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.
മരത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍ഡെയ്‌ഞ്ചേഡ് സ്പീഷീസ് ആക്ട് പരിധിയിലുള്ള വന പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നത് അടക്കമുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഉത്തരവ് ആവശ്യപ്പെടുന്നു.