
പ്രധാനമന്ത്രി മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച്ചയെന്ന് ട്രമ്പ്
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രമ്പ്. യുഎസുമായുള്ള വ്യാപാര ബന്ധത്തെ ഇന്ത്യ “വലിയ തോതിൽ ദുരുപയോഗം” ചെയ്യുന്നുവെന്ന് ചൊവ്വാഴ്ച പ്രചാരണ പരിപാടിയിൽ ട്രമ്പ് ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
വ്യാപാര ബന്ധങ്ങളിൽ ഇന്ത്യയെ വിമർശിച്ചിട്ടും പ്രധാനമന്ത്രി മോദിയെ "അസാധാരണൻ" എന്ന് ട്രമ്പ് വിശേഷിപ്പിച്ചു. മിഷിഗനിലെ ഫ്ലിന്റിൽ പ്രസംഗിക്കുമ്പോഴാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ട്രമ്പ് അറിയിച്ചത്. എന്നാൽ, പ്രധാനമന്ത്രി മോദിയെ എവിടെ കാണുമെന്ന് അദ്ദേഹം സൂചന നൽകിയില്ല. അമേരിക്കക്ക് ഹാനികരമായ വാണിജ്യ ബന്ധങ്ങൾ പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നും ട്രമ്പ് നേരത്തെ പറഞ്ഞിരുന്നു. ഇതിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെടും.
നേരത്തെ ട്രമ്പ് യുഎസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് മോദിയുമായി നല്ല ബന്ധമാണ് നിലനിർത്തിയിരുന്നത്. 2020ൽ ട്രമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ മോദി ട്രമ്പിനായി വലിയ റാലി നടത്തി, മൊട്ടേരയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ട്രമ്പിനെ സ്വാഗതം ചെയ്യാൻ റാലിയിൽ പങ്കെടുത്തവർ "നമസ്തേ ട്രമ്പ്" തൊപ്പികൾ ധരിച്ചു. അതിനുമുമ്പ്, 2019ൽ ടെക്‌സാസിൽ 50,000-ത്തിലധികം ആളുകൾ പങ്കെടുത്ത ‘ഹൗഡി മോദി!’ റാലിയിൽ ട്രമ്പും മോദിയും പരസ്പരം പ്രശംസിച്ചിരുന്നു.
സെപ്റ്റംബർ 21ന് ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കുന്നുണ്ട്.
ബരാക് ഒബാമ, ബൈഡൻ തുടങ്ങിയ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുമായും മോദി നല്ല ബന്ധമാണ് പുലർത്തിയത്. പ്രതിരോധം, വാണിജ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തിരുന്നു.