
യുഎസ് വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കാനുള്ള ഉത്തരവില്‍ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും
യുഎസിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച്ച ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഈ വകുപ്പ് നിര്‍ത്തലാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
ട്രംപിന്റെ നീക്കത്തെ ഡെമോക്രാറ്റുകള്‍ നയിക്കുന്ന സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നിയമപരമായി ചോദ്യം ചെയ്തു കഴിഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതും അതിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുന്നതും ചോദ്യം ചെയ്ത് കഴിഞ്ഞയാഴ്ച്ച ഈ സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ചു.
ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമുഖ പൗരാവകാശ സംഘമായ എന്‍എഎസിപി വിമര്‍ശിച്ചു. മികച്ച വിദ്യാഭ്യാസത്തിനായി ദശലക്ഷക്കണക്കിന് ഫെഡറല്‍ ഫണ്ടിങ്ങിനെ ആശ്രിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു കറുത്തദിനമായിരിക്കും ഇതെന്ന് എന്‍എഎസിപി പ്രസിഡന്റ് ഡെറിക് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍ ട്രംപിന് വോട്ട് ചെയ്ത ദരിദ്രരും ഗ്രാമങ്ങളില്‍നിന്നുമുള്ള മാതാപിതാക്കളുടെ മക്കളും ഉള്‍പ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു.
ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ ഉപദേശകന്‍ ഇലോണ്‍ മസ്‌കും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ സര്‍ക്കാര്‍ പദ്ധതികളും യുഎസ് എയ്ഡ് പോലുള്ള സ്ഥാപനങ്ങളും നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ഒരു കാബിനറ്റ് തല ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ഇവര്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസില്‍ നിയമം പാസാക്കാതെ വിദ്യാഭ്യാസ വകുപ്പിനെ ട്രംപിന് അടച്ചുപൂട്ടാനാകില്ല. ഇത് വളരെ ബുദ്ധിമുട്ടേറിയതാണ്. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53- 47 എന്ന ഭൂരിപക്ഷം ഉണ്ടെങ്കിലും ഒരു കാബിനറ്റ് തല ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ബില്ലിന് 60 വോട്ടുകള്‍ ആവശ്യമാണ്. അതിനാല്‍ ബില്ല് പാസാക്കാന്‍ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ കൂടി വേണം.
വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതായി ഇതുവരെ ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.


