
ട്രംപ് റോം സന്ദർശിക്കും, യൂറോപ്യൻ യൂണിയൻ പ്രതിനിധികളെ കാണുന്നത് പരിഗണനയിൽ: ജോർജിയ മെലോണി
റോമിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി പറഞ്ഞു. മെലോണി തന്റെ യുഎസ് സന്ദർശനത്തിനിടയിലാണ് ഓവൽ ഓഫീസിൽ വച്ച് ട്രംപ് റോം സന്ദർശിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നതിനിടയിലാണ് മെലോണിയുടെ യുഎസ് സന്ദർശനം.
വലതുപക്ഷ നേതാവായിട്ടുള്ള മെലോണി യുഎസിന്റെ താരിഫുകൾ തെറ്റായ നീക്കമെന്ന് മുൻപ് പ്രതികരിച്ചിരുന്നു. യുഎസിലേക്ക് താൻ എത്തിയത് പടിഞ്ഞാറിനെ കൂടുതൽ ശക്തമാക്കാനാണെന്ന് മെലോണി പ്രതികരിച്ചു. ഇറ്റലിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാവും മെലോണിയുടെ ലക്ഷ്യമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു, എന്നിരുന്നാലും യൂറോപ്പിനെയും മെലോണി ട്രംപിനോട് സംസാരിച്ചു.
ഇറ്റലിയിലേക്കുള്ള എൽഎൻജിയുടെ ഇറക്കുമതി കൂട്ടണമെന്നും, ഇറ്റാലിയൻ കമ്പനികൾ വരും വർഷങ്ങളിൽ യുഎസിൽ ബില്യൺ കണക്കിന് ഡോളറുകൾ നിക്ഷേപിക്കുമെന്നും മെലോണി കൂട്ടിച്ചേർത്തു. യുഎസുമായി സഹകരിച്ച് ചൊവ്വ ദൗത്യങ്ങളിൽ ഇറ്റലി പ്രവർത്തിക്കുമെന്ന് പറഞ്ഞ മെലോണി പക്ഷേ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് എന്ന സ്ഥാപനവുമായി ചേർന്ന് എൻക്രിപ്റ്റഡ് സാറ്റലൈറ്റ് വിനിമയങ്ങൾക്കായുള്ള കരാറിനെക്കുറിച്ച് ട്രംപുമായി സംസാരിച്ചു എന്ന വാർത്തയെ തള്ളിക്കളഞ്ഞു.


