
ട്രംപ് അധികാരമേറ്റു; ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം ആരംഭിച്ചു
കോവിഡ് മഹാമാരിയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാരോപിച്ച് സംഘടനയില്‍ നിന്നുമുള്ള യുഎസിന്റെ പിന്‍മാറ്റ പ്രക്രിയക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചു. ഇന്നലെ യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു.
ഓഫീസില്‍ ഒന്നാം ദിനം അദ്ദേഹം ഒപ്പുവച്ച അനവധി ഫയലുകളില്‍ ഒന്നാണിത്. ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്തും യുഎസ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിരുന്നു. പിന്നീട് ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു.
അവര്‍ക്ക് യുഎസിനെ അത്യാവശ്യമാണെന്നും അതിനാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാമെന്നും ട്രംപ് ഓവല്‍ ഓഫീസില്‍ പറഞ്ഞു. ഇത് തീരുമാനം പിന്‍വലിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ലോകാരോഗ്യ സംഘടന അംഗ രാജ്യങ്ങളില്‍ നിന്നുള്ള അനുചിതമായ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമാണെന്ന് തെളിയിക്കാന്‍ അതിന് ശേഷിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.
യുഎസ് ലോകാരോഗ്യ സംഘടനയ്ക്ക് അന്യായമായി വന്‍തുക നല്‍കുന്നതിന്റേയും ഫലമായിട്ടാണ് പിന്‍മാറ്റമെന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പറയുന്നു.
കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ ചൈനാ കേന്ദ്രീകൃതമായ നയം സ്വീകരിച്ചുവെന്നായിരുന്നു ഒന്നാം ട്രംപ് സര്‍ക്കാരിന്റെ ആരോപണം.