
ഗ്രീന്‍ലാന്‍ഡിനെ വാങ്ങാന്‍ ട്രംപിന് മോഹം; പ്രതിരോധച്ചെലവ് വര്‍ദ്ധിപ്പിച്ച് ഡെന്‍മാര്‍ക്ക്
ആര്‍ട്ടിക് പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വാങ്ങിക്കാനുള്ള ആഗ്രഹം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകടിപ്പിച്ചതിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിനായുള്ള പ്രതിരോധച്ചെലവ് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു.
ഡെന്‍മാര്‍ക്കിന്റെ നാണയമായ ക്രോണയില്‍ ഇരട്ടയക്ക ബില്ല്യണ്‍ തുകയായി പ്രതിരോധ പാക്കേജ് വര്‍ദ്ധിപ്പിച്ചുവെന്ന് ഡാനിഷ് പ്രതിരോധ മന്ത്രി ട്രോഎല്‍സ് ലണ്ട് പോള്‍സെന്‍ പറഞ്ഞു. എന്നാല്‍ മന്ത്രി യഥാര്‍ത്ഥ തുക പുറത്ത് വിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്റെ പ്രതിരോധച്ചെലവ് ഏകദേശം 1.5 ബില്ല്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമെന്നാണ് അനുമാനം. 12-15 ബില്ല്യണ്‍ ക്രോണെയാണ് പാക്കേജെന്ന് ഡാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വലിയ ദ്വീപിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും യുഎസിന് അത്യാവശ്യമുണ്ടെന്ന് ട്രംപ് തിങ്കളാഴ്ച്ച പറഞ്ഞിരുന്നു.
ഡെന്‍മാര്‍ക്കിന്റെ സ്വതന്ത്രഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡില്‍ ആണ് യുഎസിന്റെ ഏറ്റവും വലിയ ബഹിരാകാശ സൗകര്യം ഉള്ളത്. ഇത് യുഎസിനെ സംബന്ധിച്ച് വളരെ തന്ത്രപ്രധാന സ്ഥലമാണ്. വടക്കന്‍ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ചെറിയ യാത്രാപാതയും ഇവിടെയാണ്. കൂടാതെ, ധാരാളം ധാതുക്കളുടെ ശേഖരവും ഉണ്ട്.
രണ്ട് പുതിയ പരിശോധന കപ്പലുകള്‍, പുതിയ രണ്ട് ദീര്‍ഘ-ദൂര ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിനും അധികമായി രണ്ട് ഡോഗ് സ്ലെഡ് ടീമുകള്‍ രൂപീകരിക്കുന്നതിനുമാണ് തുക നല്‍കിയതെന്ന് പോള്‍സെന്‍ പറഞ്ഞു.
തലസ്ഥാനമായ ന്യൂക്കിലെ ആര്‍ട്ടിക്ക് കമാന്‍ഡിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീന്‍ലാന്‍ഡിലെ മൂന്ന് പ്രധാന സിവിലിയന്‍ വിമാനത്താവളങ്ങളില്‍ ഒന്നില്‍ എഫ്-35 സൂപ്പര്‍ സോണിക് ഫൈറ്റര്‍ യുദ്ധവിമാനം ഇറക്കുന്നതിനുവേണ്ടിയുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമുള്ള ഫണ്ടിങ്ങും ഇതില്‍പ്പെടുന്നു.
അനവധി വര്‍ഷങ്ങളായി ആര്‍ട്ടിക്കില്‍ അധികം നിക്ഷേപം നടത്തിയിട്ടില്ലെന്നും സാന്നിദ്ധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശ സുരക്ഷയ്ക്കും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തിനായും ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും അത്യാവശ്യമാണെന്ന് അമേരിക്കന്‍ ഐക്യനാടുകള്‍ കരുതുന്നുവെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ മേഖലയില്‍ ചൈനയും റഷ്യയും നടത്തുന്ന കടന്നുകയറ്റം നേരിടാന്‍ ഡെന്‍മാര്‍ക്കിന് കഴിയാത്തതാണ് കൂടുതല്‍ നിയന്ത്രണം യുഎസിന് വേണമെന്ന ആവശ്യം ഉയരാന്‍ കാരണം.


