പ്രസിഡന്റായാല്‍ ഇലോണ്‍ മസ്‌കിനെ ഉപദേശകനാക്കുമെന്ന് ട്രംപ്; പ്രതികരിച്ച് മസ്‌ക്
വീണ്ടും അധികാരത്തിലെത്തിയാല്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് ഭരണത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയിലെ യോര്‍ക്കില്‍ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. മസ്‌കിന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചും നൂതന ചിന്താഗതിയെക്കുറിച്ചും പരാമര്‍ശിച്ച ട്രംപ്, മസ്‌കിന് ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു. ഇലോണ്‍ മസ്‌ക് സമര്‍ഥനാണെന്നും അദ്ദേഹം തയ്യാറാണെങ്കില്‍ ഉറപ്പായും താന്‍ നിയമിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രതികരിച്ച് ഇലോണ്‍ മസ്‌ക്
ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പ്രതികരണം പങ്കുവെച്ച ഒരു എക്‌സ് ഹാന്‍ഡില്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡി.ഒ.ജി.ഇ- ഡോജ്) എന്ന പേര് മസ്‌കിന് നല്‍കാമെന്ന് സാമൂഹികമാധ്യമങ്ങളില്‍ നിര്‍ദേശങ്ങളെത്തിയിരുന്നു. ഇത് റീ ട്വീറ്റ് ചെയ്ത മസ്‌ക്, അനുയോജ്യമായ പേര് എന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ, ഡോജ് എന്ന് രേഖപ്പെടുത്തിയ പോഡിയത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്, ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായ മീമാണ് ഡോജ്. ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമാണ് ഇതിന് പ്രതീകമായി ഉപയോഗിച്ചുവരുന്നത്. 2013 ല്‍ അവതരിപ്പിക്കപ്പെട്ട ഒരു ക്രിപ്റ്റോ കറന്‍സിയാണ് ഡോജ്കോയിന്‍. മസ്‌ക് ഈ കറന്‍സിയെ പിന്തുണയ്ക്കുന്ന ആളുകളില്‍ ഒരാളാണ്. മസ്‌കിന്റെ ടെസ്‌ല ഈ ഡോജ് കോയിന്‍ ഇടപാടിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം നേരത്തെ ട്രംപ് ഭരണകൂടത്തിന് കീഴില്‍ മസ്‌ക് ഉപദേശക പദവി കൈകാര്യം ചെയ്തിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെ രണ്ട് ഉപദേശക സമിതിയില്‍ മസ്‌കിനെ നിയമിച്ചിരുന്നു. കുടിയേറ്റ, പരിസ്ഥിതി നയങ്ങളില്‍ സ്വാധീനം ചെലുത്താനും മസ്‌കിന് സാധിച്ചിരുന്നു. എന്നാല്‍ 2017 ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് മസ്‌ക് രാജിവെക്കുകയായിരുന്നു.