
മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ 25 ശതമാനം ഉയർത്തുമെന്ന് ട്രംപ്
അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്ക് മേലുള്ള ഇറക്കുമതി തീരുവ ഉയർത്തുമെന്ന് ഡൊണാൾഡ് ട്രംപ്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും അനധികൃതമായ മരുന്നുകളുടെ ഒഴുക്കും തടയാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നാണ് വിശദീകരണം. ജനുവരി 20ന് തന്റെ സ്ഥാനാരോഹണത്തിന് ശേഷം മെക്സിക്കോയിൽ നിന്നും കാനഡയിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയിൽ നിന്ന് യുഎസിലേക്കുള്ള സിന്തറ്റിക് ഒപ്പിയോഡ് ഫെന്റനൈലിന്റെ കടത്ത് ചൈന നിർത്തലാക്കുന്നത് വരെ ചൈനയിൽ നിന്ന് 10 ശതമാനം കൂടുതൽ തീരുവ ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഈ നടപടികൾ നടപ്പിലാക്കുന്നത് അമേരിക്കയുടെ പ്രധാന മൂന്ന് വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തിയേക്കാം. മരുന്നുകളുടെ അനധികൃതമായ കുത്തൊഴുക്ക് തടയുകയും, കുടിയേറ്റം തടയുകയും ചെയ്യുന്നത് വരെ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേലുള്ള തീരുവ തുടരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. ദീർഘനാളായി തുടരുന്ന ഈ പ്രശ്നം പരിഹരിക്കാനുള്ള ശക്തി ഇരു രാജ്യങ്ങൾക്കുള്ളതായും ട്രംപ് കൂട്ടിച്ചേർത്തു. ഫെന്റനൈൽ ഇടപാടിൽ പിടിക്കപ്പെട്ട ആളുകൾക്ക് വധശിക്ഷ നൽകാമെന്ന വാഗ്ദാനം ചൈന പാലിക്കാത്തതിനെതിരെയും ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
ചൈന ബോധപൂർവ്വം ഫെന്റനൈൽ അനധികൃതമായി അമേരിക്കയിലേക്ക് കടത്തുകയാണ് എന്ന ട്രംപിന്റെ വാദം വസ്തു വിരുദ്ധമാണെന്ന് ചൈന എംബസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏകദേശം 75,000 അമേരിക്കകാരുടെ മരണത്തിന് കാരണമായ ഫെന്റനൈലിന്റെ ഉത്പാദനം നിർത്തിവയ്ക്കണമെന്ന് ബൈഡൻ ഭരണകൂടം ചൈനയോട് ആവശ്യപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് മെക്സിക്കോയ്ക്കും ചൈനയ്ക്കും മേലുള്ള തീരുവ 100 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ചൈനയ്ക്ക് മേൽ കൂടുതൽ തീരുവ ചുമത്തുന്നതോടെ ട്രംപിന്റെ മുൻ ഭരണക്കാലത്തേക്കാൾ മോശമായ അവസ്ഥയിലേക്കാവും ചൈനയുടെ സമ്പദ് വ്യവസ്ഥ നീങ്ങുക.