PHOTO: PTI
ന്യൂ ഹാംപ്‌ഷെയറില്‍ നടന്ന പ്രൈമറിയില്‍ ട്രംപിന് ജയം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനായി നടന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വിജയം. യു എന്‍ മുന്‍ അംബാസിഡര്‍ നിക്കി ഹേലിയെ തോല്‍പ്പിച്ചാണ് ന്യൂ ഹാംപ് ഷെയറില്‍ നടന്ന പ്രൈമറിയില്‍ ട്രംപ് വിജയിച്ചത്. റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂ ഹാംപ്‌ഷെയര്‍. ന്യൂ ഹാംപ്‌ഷെയറിലെ ജയത്തോടെ ആദ്യ രണ്ട് പ്രൈമറികളിലും ജയിക്കുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ്. അയോവയിലായിരുന്നു ആദ്യ പ്രൈമറി നടന്നത്.
നിക്കി ഹേലിക്ക് തിരിച്ചടി
അയോവയില്‍ നടന്ന ആദ്യ പ്രൈമറിക്ക് ശേഷം ന്യൂ ഹാംപ്‌ഷെയറില്‍ ജയിക്കാന്‍ ട്രംപിന്റെ എതിരാളിയായ നിക്കി ഹേലി കാര്യമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാമത്തെ പ്രൈമറിയിലും ട്രംപിനോട് തോല്‍ക്കേണ്ടി വന്നതോടെ നിക്കിഹേലി തിരിച്ചടി നേരിട്ടിരിക്കുകയാണ്. അയോവയിലേറ്റ പരാജയത്തോടെ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റസും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയും മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഹേലി ഉറച്ച് നില്‍ക്കുകയായിരുന്നു.
ജോ ബൈഡനും ജയം
ന്യൂ ഹാംപ്‌ഷെയറില്‍ നടന്ന ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ യു എസ് പ്രസിഡന്റ് ജോ ബെഡന്‍ വിജയിച്ചു. വിജയത്തിന് ശേഷം തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ ബൈഡന്‍ നവംബറില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ പറ്റിയും സൂചിപ്പിച്ചു.