ട്രംപ്- സെലൻസ്കി ചർച്ച: ഫലപ്രദമെന്ന് ട്രംപ്
റഷ്യ- യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് കരാറിലും യുക്രെയ്‌ൻ്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ട്രംപ്- സെലൻസ്കി ചർച്ചയിലാണ് പ്രഖ്യാപനം. യൂറോപ്യൻ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
വൻ പ്രഖ്യാപനങ്ങളില്ലാതെയാണ് ചർച്ച അവസാനിച്ചത്. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ല. എന്നാൽ ചർച്ച ഫലപ്രദമായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങൾ നടത്തുന്നതിന് സെലിൻസ്കി ട്രംപിന് നന്ദി പറഞ്ഞു.
ഭൂമി വിട്ടുനൽകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കാൻ റഷ്യയും- യുക്രെയ്‌നും രണ്ടാഴ്ചയ്‌ക്കുള്ളിൽ കൂടിക്കാഴ്ച നടത്തും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. തുടർന്ന് റഷ്യ– യുക്രെയ്‌ൻ– യുഎസ് ത്രികക്ഷി സമ്മേളനം നടത്തും.
ആദ്യം വെടി നിർത്തലാണ് വേണ്ടതെന്ന് ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയെ സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പായി യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിച്ചു.
റഷ്യ- യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ നടന്ന ട്രംപ്– പുടിൻ ഉച്ചക്കോടിക്ക് ശേഷമാണ് തിങ്കളാഴ്ച ട്രംപ് - സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരിയിൽ നടന്ന ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച വാക്ക് തർക്കത്തിലാണ് അവസാനിച്ചത്.


