
കുടിയേറ്റ തൊഴിലാളികൾക്ക് തിരിച്ചടിയായി ട്രംപിന്റെ പുതിയ നയം
H1B വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി ആഴ്ചകൾക്ക് ശേഷം വിദേശികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ (EAD) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിപ്പിക്കുന്നതായി യുഎസ് അധികൃതർ പ്രഖ്യാപിച്ചു. 540 ദിവസത്തെ ഇടവേള 180 ആയി പരിമിതപ്പെടുത്തുകയും ചെ്യതു. ഇത് വലിയൊരു വിഭാഗം ഇന്ത്യൻ കുടിയേറ്റക്കാരെയും തൊഴിലാളികളെയും ബാധിക്കാൻ സാധ്യതയുണ്ട്.
പുതിയ നിയമം വരുന്നതോടെ പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശോധനയും സ്ക്രീനിംഗും ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 2025 ഒക്ടോബർ 30നോ അതിനുശേഷമോ തങ്ങളുടെ EAD പുതുക്കാൻ ഫയൽ ചെയ്യുന്ന വിദേശികൾക്ക് ഇനി അവരുടെ EADയുടെ ഓട്ടോമാറ്റിക്ക് വിപുലീകരണം ലഭിക്കില്ല" എന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.
ഇത് വരെ സമയബന്ധിതമായി രേഖകൾ പുതുക്കിയ ഒരു വിദേശ പൗരന് ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ കീഴിൽ ജോലി തുടരാമായിരുന്നു. എന്നാൽ പുതിയ രീതികൾ പ്രകാരം പഴയ EAD കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കൽ അംഗീകരിച്ചില്ലെങ്കിൽ, ആ വ്യക്തി ജോലി നിർത്തേണ്ട അവസ്ഥയാണ്.
ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള പഴയ നിയമം അനുസരിച്ച് രേഖകൾ EAD പുതുക്കുന്നതിനായി വിദേശികൾക്ക് 540 ദിവസത്തെ ഓട്ടോമാറ്റിക് വിപുലീകരണ അവസരം ലഭിക്കുമായിരുന്നു. പുതിയ നിബന്ധന ഇന്ത്യൻ കുടിയേറ്റക്കാരെയും തൊഴിലാളികളെയും നിരന്തരം അധികാരികൾക്ക് മുന്നിൽ തെളിവ് നൽകേണ്ട സാഹചര്യം ഉണ്ടാവും.


