TMJ
searchnav-menu
post-thumbnail

ജുവാൻ മാനുവൽ മെർച്ചൻ

TMJ Daily

ട്രംപിന്റെ ഉറക്കം കെടുത്തുന്ന ജഡ്‌ജി ജുവാൻ മെർച്ചൻ

04 Apr 2023   |   1 min Read
TMJ News Desk

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറക്കം കെടുത്തുന്ന ജഡ്‌ജി ജുവാൻ മാനുവൽ മെർച്ചൻ ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. കൊളംബിയയിൽ നിന്നും അമേരിക്കയിലേക്ക് മെർച്ചന്റെ കുടുംബം കുടിയേറുമ്പോൾ അദ്ദേഹത്തിന് ആറു വയസ്സായിരുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ച തന്റെ കുടുംബത്തിലെ ആദ്യ വ്യക്തി.

ട്രംപിന്റെ ചരിത്രപരമായ വിചാരണ മെർച്ചന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ കേസായി കണക്കാക്കാം. കേസിന്റെ വിധി വരുന്നതോടെ മെർച്ചനും ചരിത്രത്തിൽ ഇടംനേടും.

16 വർഷം പ്രോസിക്യൂട്ടറായിരുന്ന ജുവാൻ മാനുവൽ മെർച്ചൻ കുടുംബ കോടതി ജഡ്ജിയായി 2006 ൽ നിയമിതനായി. മൂന്ന് വർഷത്തിനുശേഷം ന്യൂയോർക്കിലെ വിചാരണ കോടതിയിൽ അദ്ദേഹം ജഡ്ജിയായി. ന്യൂയോർക്കിൽ സുപ്രീംകോടതി എന്നറിയപ്പെടുന്ന ഈ കോടതിയിലാണ് ട്രംപിന്റെ കുറ്റവിചാരണ.

1994ൽ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. തുടർന്ന് അഞ്ചുവർഷം മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ ജോലി ചെയ്തശേഷം അഞ്ചുവർഷം സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു.

ട്രംപ് ഉൾപ്പെട്ട കേസിൽ മെർച്ചൻ വിചാരണ ചെയ്യുന്നത് ഇതാദ്യമായല്ല. ട്രംപിന്റെ അടുത്ത സഹായിയും അദ്ദേഹത്തിന്റെ രണ്ട് സംഘടനകളുടെ സി.എഫ്.ഒ യുമായ അലൻ വെയ്‌സൽബർഗിനെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചത് മെർച്ചൻ തന്നെയായിരുന്നു. ട്രംപ് ഓർഗനൈസേഷന്റെ നികുതി തട്ടിപ്പ്, ഗൂഢാലോചന, ബിസിനസ് രേഖകൾ വ്യാജമാക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടെ 17 കേസുകളിലാണ് വെയ്‌സൽബർഗിനെ തടവിന് ശിക്ഷിച്ചത്.

ട്രംപിന്റെ  വിചാരണയിൽ ജുവാൻ മെർച്ചൻ അധ്യക്ഷനാകുമെന്ന് വാർത്ത പുറത്തുവന്നതോടെ ഡൊണാൾഡ് ട്രംപ് ജഡ്ജിക്കെതിരെ പ്രതികരിച്ചിരുന്നു. മെർച്ചൻ തന്നെ വെറുക്കുന്നുവെന്നും തന്റെ കൂട്ടാളികളെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചുവെന്നുമാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് എഴുതിയത്. ഏതൊരു ജഡ്ജിക്കും ജോലിക്കൊപ്പം വിമർശനവും വരാം എന്ന യുക്തിയിൽ ട്രംപിന്റെ വാദങ്ങളെ തള്ളിക്കളയാവുന്നതാണ്.

ലോകത്തിന്റെ ശ്രദ്ധ മുഴുവൻ  മെർച്ചനെന്ന ജഡ്ജിയിൽ കേന്ദ്രീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ കോടതി മുറിയിൽ തന്റെ മുന്നിലുള്ള തെളിവുകളിലാവും എന്നതാണ് അദ്ദേഹത്തിന്റെ ജഡ്‌ജിമെന്റിനെ ശ്രദ്ധേയമാക്കുക എന്ന് നിയമവിദദ്ധർ ചൂണ്ടിക്കാട്ടുന്നു.

#Daily
Leave a comment