TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന്റെ താരിഫ് ഭീഷണി യൂറോപ്യന്‍ യൂണിയനോടും

21 Dec 2024   |   1 min Read
TMJ News Desk

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് ഭീഷണി മുഴക്കുന്നത് തുടരുന്നു. വിവിധ വിഷയങ്ങളില്‍ യുഎസിന് അനുകൂലമല്ലാത്ത നിലപാടുകളുള്ള രാജ്യങ്ങള്‍ക്ക് എതിരെയാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യ അടങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മയ്‌ക്കെതിരെയും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെയും നേരത്തേ ഭീഷണി മുഴക്കിയിരുന്ന ട്രംപ് ഇപ്പോള്‍ യുഎസിന്റെ പ്രധാന സുഹൃത്തായ യൂറോപ്യന്‍ യൂണിയന് എതിരെയാണ് താരിഫ് ചുമത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്.

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടേയും വാതകത്തിന്റേയും അളവ് വര്‍ദ്ധിപ്പിക്കണമെന്നതാണ് ട്രംപിന്റെ ആവശ്യം. അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകളുടേയും യന്ത്രങ്ങളുടേയും അടക്കമുള്ള ചരക്കുകളുടെ മേല്‍ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

നിലവില്‍ യുഎസ് കയറ്റുമതി ചെയ്യുന്ന എണ്ണയുടേയും വാതകത്തിന്റേയും സിംഹഭാഗവും ഇയു വാങ്ങുന്നുണ്ട്. യുഎസിന്റെ കയറ്റുമതി ശേഷിയുടെ പരമാവധി കയറ്റുമതി ചെയ്യുന്നുണ്ട്. അധികമായി അളവ് ലഭ്യമല്ല. എങ്കിലും രാജ്യത്തിന്റെ എണ്ണ, വാതക ഉല്‍പാദനം ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള വളരെ വലിയ വ്യാപാര കമ്മി കുറയ്ക്കാന്‍ വന്‍തോതില്‍ എണ്ണയും വാതകവും വാങ്ങണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടുവെന്നും അല്ലെങ്കില്‍ താരീഫ് ചുമത്തുമെന്ന് പറഞ്ഞതായും അദ്ദേഹം ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.

ഊര്‍ജ്ജമേഖല അടക്കമുള്ള മേഖലകളില്‍ നിലവില്‍ യുഎസുമായുള്ള ശക്തമായ ബന്ധം ഇനിയും എങ്ങനെ ശക്തിപ്പെടുത്താമെന്ന് ട്രംപുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനും വിതരണ സ്രോതസ്സുകളില്‍ വൈവിദ്ധ്യമുണ്ടാക്കാനും ഇയു പ്രതിജ്ഞാബദ്ധമാണെന്ന് ഒരു വക്താവ് പറഞ്ഞു.



#Daily
Leave a comment