
ട്രംപിന്റെ തീരുവ; അമേരിക്കക്കാരെ കാത്തിരിക്കുന്നത് വിലക്കയറ്റം
ലോകത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളുടേയും മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കക്കാരെ കാത്തിരിക്കുന്നത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ വിലക്കയറ്റം.
ബുധനാഴ്ച്ച ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെ തീരുവകള്‍ ഏര്‍പ്പെടുത്തി. ഇവ പൂര്‍ണമായും ഇന്ന് മുതല്‍ നിലവില്‍ വരും.
ഈ പുതിയ തീരുവകളും മറ്റ് രാജ്യങ്ങള്‍ തിരിച്ചടിയായി ചുമത്തുന്ന തീരുവകളും അമേരിക്കയില്‍ എല്ലാ മേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.
യുഎസിലേക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ തീരുവയുടെ ചെലവ് ഉപഭോക്താവിന്റെ ചുമലിലേക്ക് കൈമാറും. അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കിന്റെ അളവ് കുറയ്ക്കും. ഇത് സാധനങ്ങളുടെ ലഭ്യത കുറയാന്‍ കാരണമാകും. രണ്ടും സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.
അമേരിക്കക്കാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വിയറ്റ്‌നാം, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളുടെ മേലാണ് ട്രംപ് ഏറ്റവും കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തിയിട്ടുള്ളതും. 34 മതുല്‍ 46 ശതമാനം വരെയാണ് തീരുവ ചുമത്തിയത്.
തീരുവകള്‍ അമേരിക്കന്‍ കുടുംബങ്ങളുടെ മേല്‍ അന്യായമായ ഭാരം കൊണ്ടുവരുമെന്ന് യുഎസ് ഫാഷന്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കക്കാര്‍ കുടിക്കുന്ന കോഫി ഏറ്റവും കൂടുതല്‍ വരുന്നത് ബ്രസീലില്‍ നിന്നും കൊളംബിയയില്‍ നിന്നുമാണ്. അവയുടെ മേല്‍ 10 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിയറ്റ്‌നാമും പ്രധാനപ്പെട്ട കോഫി കയറ്റുമതി രാജ്യമാണ്.
ഭക്ഷണ സാധനങ്ങള്‍ക്ക് യുഎസ് ആശ്രയിക്കുന്നത് യൂറോപ്യന്‍ യൂണിയനെയാണ്. 20 ശതമാനം തീരുവയാണ് ഇയുവിനുമേല്‍ ചുമത്തിയത്.