TMJ
searchnav-menu
post-thumbnail

TMJ Daily

140 കോടി ജനങ്ങള്‍ക്കുമേല്‍ ഏക പാര്‍ട്ടി ഭരണം അടിച്ചേല്‍ക്കാന്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

26 Jan 2025   |   1 min Read
TMJ News Desk

നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തില്‍ വിശ്വസിക്കുന്ന 140 കോടി ഇന്ത്യാക്കാര്‍ക്കുമേല്‍ ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന ആശയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുവെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടി തുടര്‍ച്ചയായി ഭരണഘടനയെ ആക്രമിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 76ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സന്ദേശത്തില്‍ അദ്ദേഹം ബിജെപിക്കുമേല്‍ നിശിതവിമര്‍ശനം ഉയര്‍ത്തി.

ഒരു ഏകാധിപത്യ ഭരണകൂടം ഭരണഘടനയുടെ പുണ്യമായ എല്ലാ ഭാഗത്തേയും തകര്‍ത്തുവെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പുറത്ത് കൊണ്ടുവരുന്നവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുകയോ ശ്രദ്ധമാറ്റല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

ദശാബ്ദങ്ങള്‍ കൊണ്ട് ശ്രദ്ധാപൂര്‍വം നിര്‍മ്മിച്ച നമ്മുടെ സ്ഥാപനങ്ങളെ ഭരിക്കുന്ന പാര്‍ട്ടി തുടര്‍ച്ചയായി തരംതാഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളുടെ മേല്‍ രാഷ്ട്രീയ ഇടപെടല്‍ സാധാരണ സംഗതിയായി മാറി. അവയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെ അധികാരത്തിന്റെ യോഗ്യതയായി കാണുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു.

ദിവസവും ഫെഡറലിസം ചവിട്ടിമെതിക്കപ്പെടുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങളെ വെട്ടിച്ചുരുക്കുന്നു. വലിയൊരു വിഭാഗം മാധ്യമങ്ങളും ഭരിക്കുന്ന പാര്‍ട്ടിയുടെ കുഴലൂത്തുകാരായി മാറി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.

രാജ്യത്തിന്റെ വിഭവങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ചങ്ങാത്ത മുതലാളി, സഹസ്ര കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നു. അതേസമയം സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിജെപി വ്യാജ ദേശീയത പുലര്‍ത്തുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന് പകരം ദേശീയതയുടെയും മതാധിപത്യത്തിന്റേയും പതാക നല്‍കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദമായി ഭരിക്കുന്ന പാര്‍ട്ടി മത ഭീകരവാദത്തില്‍ അധിഷ്ഠിതമായ വെറുപ്പിന്റെ അജണ്ട പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു. മതേതരത്വ വിശ്വാസികളെ നുണപ്രചാരണം നടത്തി അപമാനിക്കുന്നു. ദുര്‍ബല വിഭാഗക്കാരായ എസ് സികള്‍, എസ് ടികള്‍, ഒബിസികള്‍, ദരിദ്രര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരെ രണ്ടാം നിര പൗരന്‍മാരായി പരിഗണിക്കുന്നു. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഒരു പതിവ് സംഭവമായി മാറുന്നുവെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുന്നതിനായി എല്ലാ ത്യാഗവും സഹിക്കാന്‍ തയ്യാറാകാന്‍ അദ്ദേഹം ഇന്ത്യാക്കാരോട് ആവശ്യപ്പെട്ടു. നമ്മുടെ മുന്‍ഗാമികള്‍ക്കുള്ള യഥാര്‍ത്ഥ ആദരമാകും അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment