PHOTO: WKI COMMONS
ടിടിഇ യുടെ കൊലപാതകം: എഫ്‌ഐആര്‍ പുറത്ത്, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
തൃശൂരില്‍ ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഒഡീഷ സ്വദേശി രജനീകാന്തയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.
തൃശൂരില്‍ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞാണ്. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴ ഈടാക്കണമെന്ന് ടിടിഇ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ട്രെയിനിന്റെ 11-ാം കോച്ചിന്റെ പിന്നില്‍ വലതുവശത്തെ വാതിലിന് സമീപത്ത് നില്‍ക്കുകയായിരുന്ന ടിടിഇയെ തള്ളിയിടുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ റൂട്ടിലായിരുന്നു സംഭവം.
തന്റെ കൈവശം പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ യെ പുറത്തേക്ക് തള്ളിയിട്ടതെന്നും പ്രതി കുറ്റസമ്മതം നടത്തി. യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മദ്യപിച്ചിരുന്നതായും പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ട്രാക്കിലേക്ക് വീണ ടിടിഇ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കടന്നുപോകുകയായിരുന്നു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു. രണ്ടുകൊല്ലം മുമ്പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകന്‍, ഗ്യാങ്‌സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ്, ഒപ്പം തുടങ്ങി 14 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.