
PHOTO: PTI
തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും തുടരുന്നു
ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഉണ്ടായ മണ്ണിടിച്ചില്‍ സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചു. 900 മില്ലിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ പാറക്കഷ്ണങ്ങളിലൂടെ ഉള്ളിലേക്ക് കടത്തിവിട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ നടന്നത്. എന്നാല്‍ ശ്രമം ഫലം കണ്ടില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡ്രില്ലിങ് മെഷീനും പ്ലാറ്റ്‌ഫോമിനും തകരാര്‍ സംഭവിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തുരങ്കം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് കുഴലുകള്‍ കടത്തിവിടാന്‍ ശ്രമിച്ചത്. ഇതിനായി പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അതോടെ മണിക്കൂറുകളുടെ പ്രയത്‌നം വെറുതെയാവുകയായിരുന്നു. നിലവില്‍ പുതിയ ഡ്രില്ലിങ് മെഷീന്‍ സ്ഥാപിക്കുന്നതിന് പ്ലാറ്റ്‌ഫോം വീണ്ടും തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
അപകടത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതരാണെന്നും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയതായും ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയതായും ഉത്തരകാശി സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം ഭാഗീകമായി തകര്‍ന്നത്. നാലര കിലോമീറ്റര്‍ തുരങ്കത്തില്‍ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് പുറത്തേക്കുള്ള വഴി അടയുകയായിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സ്ലാബുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. ഉത്തരകാശിയിലെ ദണ്ഡല്‍ ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാര്‍ധാം റോഡു പദ്ധതിക്കു കീഴിലാണ് നിര്‍മ്മാണം. എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചിരുന്നു.