കെമാൽ കുച്ദറോഗു | Photo : Facebook
തുർക്കി ഗാന്ധി: കെമാൽ കുച്ദറോഗു
20 വർഷമായി അധികാരം കയ്യാളുന്ന റജബ് ത്വയ്യിബ് എർദോഗനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായി മത്സരിച്ചിരിക്കുകയാണ് തുർക്കി ഗാന്ധി എന്ന് അറിയപ്പെടുന്ന കെമാൽ കുച്ദറോഗു. ആറ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായാണ് കെമാൽ മത്സരിച്ചത്. ശക്തനായ എർദോഗനെ ഇത്തവണ പരാജയപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. എന്നാൽ മെയ് 14 ന് നടന്ന തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടുന്നതിൽ എർദോഗൻ നേരിയ തോതിൽ പരാജയപ്പെട്ടതോടെ തുർക്കിയിൽ മെയ് 28 ന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും.
ആധുനിക തുർക്കിയുടെ സ്ഥാപകൻ എന്ന് അറിയപ്പെടുന്ന മുസ്തഫ കെമാൽ അതാത്തുർക്കിന്റെ പാർട്ടിയായ സിഎച്ച്പി യുടെ നേതാവാണ് കുച്ദറോഗു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അഴിമതിയില്ലാത്ത വ്യക്തി എന്നാണ് അറിയപ്പെടുന്നത്. അതോടൊപ്പം മിതഭാഷണവും ശാന്ത സ്വഭാവവും കെമാലിന്റെ പ്രത്യേകതകളാണ്. ഈ സ്വഭാവ വിശേഷങ്ങളോടൊപ്പം മഹാത്മാ ഗാന്ധിയുടെ മുഖ സാദൃശ്യവും കൂടിച്ചേർന്നതോടെയാണ് കെമാലിന് തുർക്കി ഗാന്ധി എന്ന പേരു വീണത്. കിഴക്കൻ തുർക്കിയിലെ തുൻസെലിയ പ്രവിശ്യയിലെ ബല്ലിക്ക എന്ന ഗ്രാമത്തിലാണ് കെമാൽ ജനിച്ചത്. പിതാവ് കാമർ ലാന്റ് രജിസ്ട്രാർ ഓഫീസറും മാതാവ് യെമുസ് വീട്ടമ്മയുമായിരുന്നു. 1971 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ കെമാൽ തുർക്കി ട്രഷറി ഫിനാൻസ് മന്ത്രാലയത്തിൽ ജോലി നേടി. 1999 ലാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കലിനെ തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1999 ൽ തുർക്കിയിൽ ഉണ്ടായ രാഷ്ട്രീയ അക്രമങ്ങൾക്കും കലാപങ്ങൾക്കും ശേഷമുള്ള സാഹചര്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2022 ൽ ഇസ്താംബുളിൽ നിന്നാണ് കെമാൽ CHP അംഗമായി തുർക്കി പാർലമെന്റിൻ പ്രവേശിച്ചത്. അഴിമതിക്കെതിരെ ശക്തമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചു. 2007 ൽ വീണ്ടും അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ ഇസ്താംബുളിലെ മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2017 ൽ രാജ്യ തലസ്ഥാനമായ അങ്കാറയിൽ നിന്ന് ഇസ്താംബുൾ വരെ 450 കിലോമീറ്റർ നീണ്ട 'മാർച്ച് ഫോർ ജസ്റ്റിസ്' എന്ന പദയാത്ര സംഘടിപ്പിച്ചു. അതോടെ ഗാന്ധി എന്ന പേര് ഉറയ്ക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നതിന് എതിരായിരുന്നു ആ യാത്ര. തുർക്കിയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും തിരികെ കൊണ്ടുപോകുമെന്നാണ് ഈ 74 കാരൻ മുന്നോട്ടു വെച്ച വാഗ്ദാനം.
പ്രതീക്ഷ കൈവിടാതെ പ്രതിപക്ഷം
തുർക്കിയുടെ ദേശീയ രാഷ്ട്രീയത്തിൽ അജയ്യനായി തുടരുന്ന പ്രസിഡന്റ് എർദോഗനെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. മതാധിഷ്ഠിത ദേശീയവാദമാണ് എർദോഗന്റെ ആയുധം. മാത്രമല്ല, തുർക്കിയുടെ രാഷ്ട്രീയ സംവിധാനങ്ങളെയെല്ലാം തന്റെ കൈപ്പിടിയിൽ ഒതുക്കാനും എർദോഗന് കഴിഞ്ഞിട്ടുണ്ട്. 2018ൽ രാജ്യത്തെ പാർലമെന്ററി ഭരണ രീതിയെ പ്രസിഡൻഷ്യൽ രീതിയിലേക്കു മാറ്റുന്നതിലും എർദോഗൻ വിജയിച്ചു. 95 വർഷമായി രാജ്യം പിന്തുടർന്നു പോരുന്ന പാർലമെന്ററി രീതീ അവസാനിക്കുകയും പ്രധാനമന്ത്രി സ്ഥാനം ഇല്ലാതാവുകയും ചെയ്തതോടെ എർദോഗന്റെ കയ്യിലെ അധികാരങ്ങളും വർദ്ധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം രാജ്യത്തെ വലിയ രീതിയിൽ മതപരമായ ചേരിതിരിവും ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങളും വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല, പൗരാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവയിൽ വലിയ ഇടിവുണ്ടാവുകയും ചെയ്തു.
എർദോഗനെതിരായി നിലനിൽക്കുന്ന ജനരോഷം തങ്ങളുടെ വിജയത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കെമാൽ കുച്ദറോഗുവും മറ്റു പ്രതിപക്ഷ നേതാക്കളും. തങ്ങൾ ഭരണത്തിലെത്തിയാൽ പാർലമെന്ററി സംവിധാനം തിരികെ കൊണ്ടുവരുമെന്നും, കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് സമ്പദ്ഘടനയെ രക്ഷിക്കുമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. മതേതരത്വത്തിന്റെ വലിയ പാരമ്പര്യമുള്ള രാജ്യമാണ് തുർക്കി. എന്നാൽ ഇപ്പോൾ ഏകാധിപത്യത്തിന്റെയും മതരാഷ്ട്ര വാദത്തിന്റെയും തേർവാഴ്ചയാണ് അവിടെ കാണാനാവുക. എർദോഗൻ മുന്നോട്ടുവെക്കുന്ന പോപ്പുലറിസത്തെയും വർഗ്ഗീയതയെയും പരാജയപ്പെടുത്താൻ തുർക്കി ഗാന്ധിക്കും കൂട്ടർക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ മതേതരവാദികളും ന്യൂനപക്ഷങ്ങളും.